മാഹി: വിരമിച്ച അദ്ധ്യാപകരെ മാഹി വിദ്യാഭ്യാസ മേഖലയിലെ വിവിധ വിദ്യാലയങ്ങളിൽ നിയമിക്കാനുള്ള നീക്കത്തിനെതിരെ വിവിധ യുവജനപ്രസ്ഥാനങ്ങളും, ജനശബ്ദം മാഹിയും ഗവ: ഹൗസിന് മുന്നിൽ വിവിധ സമര മുറകൾ നടത്തി. ഡി.വൈ.എഫ്.ഐ.- എസ്.എഫ്.ഐ. പ്രവർത്തകർ മാഹി ഗവ: ഹൗസ് ഉപരോധിച്ചു.
ഗവ: ഹൗസ് ജംഗ്ഷനിലെ പൊലീസ് ബാരിക്കേഡ് മറികടന്നാണ് പെൺകുട്ടികളടക്കമുള്ള പ്രവർത്തകർ ഗവ. ഹൗസ് ഗേറ്റിനടുത്തെത്തി ഉപരോധിച്ചത്. അതിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ബലപ്രയോഗവും സംഘർഷവും നടന്നു.
സമരത്തെ തകർക്കാമെന്നാണ് ഭാവമെങ്കിൽ എന്ത് വില കൊടുത്തും നേരിടുമെന്ന് ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് സച്ചിനും സെക്രട്ടറി പി.സനീഷും പറഞ്ഞു. സമരക്കാരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗവ: ഹൗസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. പി.പി. വിനോദ് ഉദ്ഘാടനം ചെയ്തു. സത്യൻ കേളോത്ത്, അജയൻ പൂഴിയിൽ, അലി അക്ബർ ഹാഷിം, ജിജേഷ് ചാമേരി, ശ്യാംജിത്ത്, ശ്രീജേഷ്, രജിലേഷ് , സർ ഫ്രാസ് സംസാരിച്ചു.
മാഹി മേഖല സംയുക്ത റസിഡസന്റ്സ് അസോസിയേഷൻ നടത്തിയ നിൽപ്പ് സമരം പ്രസിഡന്റ് എം.പി.ശിവദാസ് ഉദ്ഘാടനം ചെയ്തു. ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ്ണ സമരം ഇ.കെ. റഫീഖിന്റെ അദ്ധ്യക്ഷതയിൽ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. ടി.എം. സുധാകരൻ, ദാസൻ കാണി, ഷൈജ പാറക്കൽ, ജസീമ മുസ്തഫ, സതീ ശങ്കർ, സോമൻ ആനന്ദ്, മഹേഷ് പന്തക്കൽ, സോമൻ മാഹി, ടി.എ.ലതീപ് ഷാജി പിണക്കാട്ട് സംസാരിച്ചു.