തിരൂർ: തിരൂർ പൂങ്ങോട്ടുകുളത്ത് മദ്യപിച്ച് ആക്രമണം നടത്തുന്നത് തടയാൻ ചെന്ന പൊലീസുകാരെയും നാട്ടുകാരനെയും ആക്രമിച്ച രണ്ട് പേരെ തിരൂർ സി.ഐ. എം.ജെ ജിജോയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു. ബി.പി അങ്ങാടി സ്വദേശി വട്ടക്കൂട്ടത്തിൽ അൻവർ, തിരൂർ അന്നാര പടിക്കത്ത് പറമ്പിൽ അഷ്റഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലായിരുന്ന ഇവർ ഇന്നലെ വൈകിട്ട് ആറോടെയാണ് തർക്കത്തിലേർപ്പെട്ടത്. തുടർന്ന് അടിപിടിയുണ്ടായി. ഗതാഗതക്കുരുക്കേറെയുള്ള പൂങ്ങോട്ടുകുളത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന തിരൂർ ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരായ അർജുൻ, അഭിജിത് ലാൽ എന്നിവർ ആക്രമണം തടയാൻ ചെന്നപ്പോൾ അവരെയും ആക്രമിച്ചു. നാട്ടുകാരനായ ഒരാളെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു. തുടർന്ന് സി.ഐ യുടെ നേതൃത്വത്തിൽ കൂടുതൽ പോലീസെത്തി ഇവരെ കീഴക്കി. സമീപത്ത് നിന്നിരുന്ന ഒരു ഓട്ടോയുടെ ചില്ലും പൊലീസ് ജീപ്പിന്റെ പിൻവശത്തെ ചില്ലും ഇവർ അടിച്ചു തകർത്തു. പൊതുമുതൽ നശിപ്പിക്കുകയും പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മർദ്ദിച്ചതിനുെ കേസെടുത്തു.