murder

പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ 18നു കോടതിയിൽ നേരിട്ടു ഹാജരാക്കി കുറ്റപത്രം വായിച്ചു കേൾപ്പിക്കും. ഇതിനിടെ കേസിലുൾപ്പെട്ട ചില പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയും വിടുതൽ ഹർജിയും അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ആർ.വിനായക റാവു തള്ളി. പ്രതികളായ ജിഷാദ്, സിറാജുദ്ദീൻ എന്നിവരാണ് ജാമ്യ ഹർജി ഫയൽ ചെയ്തത്. മറ്റൊരു പ്രതി സെയ്ദ് മുഹമ്മദ് ആഷിക് കേസിൽ നിന്നൊഴിവാക്കണം എന്നാവശ്യപ്പെട്ട് വിടുതൽ ഹർജിയും നൽകിയിരുന്നു.

ആക്രമിക്കപ്പെടേണ്ടവരുടെ വിവരങ്ങൾ ശേഖരിക്കാനും പിന്തുടരാനുമായി കേസിലെ പ്രതികൾ പ്രത്യേകം ആളുകളെ നിയോഗിച്ചിരുന്നെന്നും വധിക്കപ്പെട്ട സഞ്ജിത്തിന്റെ വിവരങ്ങൾ ഇത്തരത്തിൽ ശേഖരിച്ചു കൊലപാതകത്തിനു മുന്നൊരുക്കവും ഗൂഢാലോചനയും നടത്തിയെന്നും പ്രോസിക്യൂട്ടർ വാദിച്ചു. കൊലപാതക ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയെന്നു പൊലീസ് കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി.

2021 നവംബർ 15നാണു കിണാശ്ശേരി മമ്പ്രത്തിനു സമീപം കാറിലെത്തിയ അഞ്ചംഗ അക്രമിസംഘം എലപ്പുള്ളി എടുപ്പുകുളം ശരത് നിവാസിൽ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയോടൊപ്പം ബൈക്കിൽ പോകുമ്പോഴായിരുന്നു ആക്രമണം. കേസിൽ ഇതുവരെ 24 പേരെയാണു പ്രതി ചേർത്തിട്ടുള്ളത്. ഇതിൽ 21 പേർ അറസ്റ്റിലായി. സ്പെഷ്യൽ പ്രോസിക്യൂട്ടർക്കൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരും ഹാജരായി.