kanam-rajendran

1981ൽ യൂണിവേഴ്സിറ്റി കോളേജിൽ ‌ഡിഗ്രി വിദ്യാർത്ഥിയായ നാൾ മുതലേയുള്ള അടുപ്പമാണ് ഞങ്ങൾ തമ്മിൽ. എ.ഐ.ടി.യു.സി വർക്കിംഗ് കമ്മിറ്റിയിലും അതിനുശേഷം സി.പി.ഐയുടെ സംസ്ഥാന കൗൺസിലിലും ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച ആറുവർഷവും (അപ്പോൾ കാനം സംസ്ഥാന സെക്രട്ടറിയാണ്)​ അടക്കം 42 വർഷത്തെ പൊതുപ്രവർത്തനത്തിനിടെയുണ്ടായത് ഞങ്ങളുടെ വ്യക്തിപരമായ അടുപ്പം കൂടിയാണ്.

മരണത്തിന് തലേദിവസം,​ പറവൂരിൽ നവകേരള യാത്രയുടെ സ്വീകരണത്തിന് ശേഷം ‍ഞാൻ ആശുപത്രിയിലെത്തി ദീർഘനേരം പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി കാണാമെന്ന് പറഞ്ഞാണ് പിരിഞ്ഞതും. എന്നാൽ,​ വെള്ളിയാഴ്ച ഉച്ചയോടെ അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റുന്നതായി അറിഞ്ഞു. ഉടൻ മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം മന്ത്രി ചിഞ്ചുറാണിയുമായി ആശുപത്രിയിലെത്തിയെങ്കിലും അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിരുന്നു.

തൊഴിലാളിവർഗത്തിന്റെയും അവശ ജനവിഭാഗത്തിന്റെയും ഉന്നമനത്തിന് വേണ്ടിയുള്ള പ്രവർത്തനമായിരുന്നു അദ്ദേഹത്തിന്റേത്. 10 വർഷം നിയമസഭാംഗമായിരുന്നപ്പോൾ അസംഘടിത തൊഴിലാളികൾക്കും കെട്ടിട നിർമ്മാണ തൊഴിലാളികൾക്കുമായി ക്ഷേമനിധി ബിൽ സ്വകാര്യമായി അവതരിപ്പിച്ചു. അത് പിന്നീട് ഔദ്യോഗികമായി ബിൽ ആയി ലക്ഷക്കണക്കിന് പേർക്ക് ഗുണകരമായി.

അദ്ദേഹം പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ ഞാൻ ജില്ലാസെക്രട്ടറിയായിരുന്നു. പുതിയ തലമുറയെ പാർട്ടിയുടെ നേതൃനിരയിലെ ചുമതലകൾ ഏല്പിക്കാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. വ്യക്തതയും കൃത്യതയുമുള്ള നിലപാടുകളായിരുന്നു അദ്ദേഹത്തിന്റേത്. അതിൽ എന്നും ഉറച്ചുനിന്നു. സി.പി.ഐയെ കരുത്തും പ്രഹരശേഷിയുമുള്ള പാർട്ടിയാക്കണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. കഴിഞ്ഞ 5 വർഷക്കാലം പാർട്ടി അംഗങ്ങളുടെ എണ്ണം വർദ്ധിച്ചതായി കാണാം. കൂടുതൽ കേന്ദ്രങ്ങളിലേക്ക് പാർട്ടിയുടെ സ്വാധീനം എത്തിയതായും മനസിലാവും. സ്വന്തം നിലയിൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്തതിലൂടെ പാർട്ടിയുടെ പ്രഹരശേഷി വർദ്ധിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയുമെന്ന അദ്ദേഹത്തിന്റെ ചിന്തയാണ് ഇതിന് കാരണം.

ഇടതുപക്ഷ രാഷ്ട്രീയം ശക്തമായി നടപ്പാക്കാനും നിലപാടുകളിൽ വെള്ളം ചേർക്കാതിരിക്കാനും അദ്ദേഹം എന്നും ശ്രമിച്ചു. ഇടതുപക്ഷ നിലപാടുകളിൽ നിന്ന് അണുവിട വ്യതിചലിക്കാൻ അദ്ദേഹം തയ്യാറായില്ല. ഇടതുപക്ഷ രാഷ്ട്രീയത്തിനും ഇടതുപക്ഷത്തെ സ്നേഹിക്കുന്നവർക്കുമുള്ള ഒരു നേതാവായി മാറാൻ കാനത്തിന് കഴിഞ്ഞു.

കാനത്തിന്റെ വേർപാട് എന്റെ വ്യക്തിപരമായ നഷ്ടംകൂടിയാണ്. വ്യക്തി എന്ന നിലയിലും രാഷ്ട്രീയരംഗത്തെ വളർച്ചയിലും കാനത്തിന്റെ കലർപ്പില്ലാത്ത പിന്തുണ എനിക്കുണ്ടായിരുന്നു. എന്റെ മെന്റർ കൂടിയായിരുന്ന അദ്ദേഹവുമായി എല്ലാകാര്യങ്ങളും ചർച്ച ചെയ്യാറുണ്ടായിരുന്നു. പ്രതിസന്ധികളിൽ കാനം എന്നും ഒരു പരിഹാരമായിരുന്നു, തളർച്ചയിൽ താങ്ങായിരുന്നു. 65 വയസിന് മുകളിലുള്ളവർ ജില്ലാസെക്രട്ടറിമാരാകുന്ന രീതി സി.പി.ഐയിൽ ഇല്ല. ജില്ലയിലെയും മണ്ഡലങ്ങളിലെയും അസി.സെക്രട്ടറിമാർ 45 വയസിന് താഴെയുള്ളവരായിരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. പുതിയ തലമുറയെ പാർട്ടിയുടെ നേതൃത്വത്തിലേക്ക് ബോധപൂർവം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്ന ഇതെല്ലാം. ആ നിലപാടുകളുടെ ഗുണം എനിക്കും ലഭിച്ചിട്ടുണ്ട്.