cpi
cpi

തിരുവനന്തപുരം: കാനംരാജേന്ദ്രന്റെ വിയോഗം തീർത്തും അപ്രതീക്ഷിതമായതിനാൽ പുതിയ സെക്രട്ടറിയെ തീരുമാനിക്കാൻ കാലതാമസമുണ്ടാവും. ഒരാഴ്ചയെങ്കിലും കഴിയാതെ ഈ വിഷയത്തെക്കുറിച്ചുള്ള ആലോചനയുണ്ടാവാനിടയില്ല. സെക്രട്ടറി പദവിയിലേക്ക് ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എത്താനുള്ള സാദ്ധ്യതയാണ് നിലവിലുള്ളത്.

കാനം ചികിത്സയ്ക്കായി ആദ്യം അവധി എടുത്തപ്പോൾ മുതൽ അസിസ്റ്രന്റ് സെക്രട്ടറിമാരായ ഇ. ചന്ദ്രശേഖരനും പി.പി. സുനീറുമാണ് പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങൾ നിർവഹിച്ചുവരുന്നത്. തത്കാലം അവർതന്നെ കാര്യങ്ങൾ നോക്കും.

കാൽപ്പാദത്തിലെ ശസ്ത്രക്രിയയ്ക്കു വേണ്ടി രണ്ടാമതും പാർട്ടി നേതൃത്വത്തിന് കാനം മൂന്ന് മാസത്തെ അവധി അപേക്ഷ നൽകിയപ്പോൾ, തനിക്കൊപ്പം ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വത്തിന് സെക്രട്ടറിച്ചുമതല നൽകണമെന്ന നിർദ്ദേശവും വച്ചിരുന്നു. 16, 17 തീയതികളിൽ ചേരുന്ന ദേശീയകൗൺസിൽ യോഗം ഇത് ചർച്ചചെയ്യാനിരിക്കെയാണ് കാനത്തിന്റെ വിടവാങ്ങൽ. കാനം അവസാനമായി പാർട്ടി നേതൃത്വത്തിന് മുന്നിൽ വച്ച നിർദ്ദേശം എന്ന വിധത്തിൽക്കൂടി ഇത് പരിഗണിക്കപ്പെട്ടാൽ ബിനോയ് വിശ്വം തന്നെയാവും സംസ്ഥാന സെക്രട്ടറി.

ഇതിനു പുറമെ സെക്രട്ടറിയായി പരിഗണിക്കാൻ സാദ്ധ്യതയുള്ളത് മുൻ അസിസ്റ്രന്റ് സെക്രട്ടറിയും പാർട്ടി ദേശീയ എക്സിക്യുട്ടീവ് കമ്മിറ്രി അംഗവുമായ കെ. പ്രകാശ്ബാബുവിനെയാണ്. നേതൃതലത്തിൽ മികവാർന്ന പ്രവർത്തനം നടത്തുന്ന നേതാവുമാണ് അദ്ദേഹം. കേരളത്തിൽ നിന്ന് ദേശീയ എക്സിക്യുട്ടീവിൽ പിന്നീടുള്ളത് പി. സന്തോഷ് കുമാർ എം.പിയാണ്. ഈ മൂന്നുപേരുമായി ദേശീയ നേതൃത്വം സംസാരിച്ച് ഒരു ധാരണയിലെത്തി തീരുമാനം സംസ്ഥാന നേതൃത്വത്തിന് കൈമാറും. അത് സംസ്ഥാന എക്സിക്യുട്ടീവും സംസ്ഥാന കൗൺസിലും ചർച്ച ചെയ്ത് അംഗീകരിക്കണം. ദേശീയ സെക്രട്ടേറിയറ്റ് അംഗമെന്ന വലിയ ചുമതലയുള്ള ബിനോയിയെ സംസ്ഥാന സെക്രട്ടറിയാക്കാൻ പാർട്ടി തയ്യാറാവുമോ എന്ന വിഷയവുമുണ്ട്. ആ രീതിയിൽ നിലപാടുണ്ടായാൽ പ്രകാശ് ബാബുവിനാവും നറുക്ക് വീഴുക. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിനുള്ള സാദ്ധ്യത ഏതായാലും ഇല്ല.

1964-ലെ കമ്മ്യൂണിസ്റ്ര് പാർട്ടി പിളർപ്പിനുശേഷം സി.പി.ഐയുടെ കേരളത്തിലെ ഒമ്പതാമത് സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം. സി. അച്ചുതമേനോൻ, എം.എൻ. ഗോവിന്ദൻനായർ, എസ്. കുമാരൻ, എൻ.ഇ.ബലറാം, പി.കെ.വാസുദേവൻനായർ, വെളിയംഭാർഗവൻ, സി.കെ.ചന്ദ്രപ്പൻ, പന്ന്യൻ രവീന്ദ്രൻ എന്നിവരാണ് കാനത്തിനുമുമ്പ് സെക്രട്ടറി പദവി വഹിച്ചിട്ടുള്ളത്.