kanam-rajendran

അറുപത് വർഷം നീണ്ട പ്രവർത്തന പരിചയമാണ് എനിക്കും കാനത്തിനുമിടയിലുള്ളത്. വളരെ സ്‌നേഹത്തിലും സൗഹാർദ്ദത്തിലുമാണ് ഞങ്ങൾ പ്രവർത്തിച്ചിരുന്നത്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയും യുവജന ഫെഡറേഷനിലൂടെയും തുടങ്ങിയതാണ് ആ സൗഹൃദം. ഞാൻ 1968ലും കാനം 71ലുമാണ് കൗൺസിലിംഗമായത്. അതിനുശേഷം പാർട്ടിയുടെ ദേശീയ കൗൺസിലിലും എക്‌സിക്യുട്ടീവിലും അംഗങ്ങളായി.

കാനത്തേക്കാൾ 11 വയസ് മൂത്തയാളാണ് ഞാൻ. എന്നെ ഒരു ജ്യേഷ്ഠ സഹോദരനായാണ് അദ്ദേഹം കണ്ടിരുന്നത്. സ്‌നേഹവും ബഹുമാനവും എപ്പോഴും നൽകിയിരുന്നു. ഒന്നാന്തരം പോരാളിയും നല്ല പ്രാസംഗികനുമായിരുന്നു കാനം. നിയമസഭയിൽ വിഷയങ്ങൾ കൃത്യതയോടെ അവതരിപ്പിക്കാനും പല വിഷയങ്ങളിലും സർക്കാരിനെ പ്രതിസന്ധിയിലാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കാനം എം.എൽ.എയായിരുന്ന കാലത്ത് പാർലമെന്ററി പാർട്ടിയുടെ സെക്രട്ടറിയായി എന്നെയാണ് പാർട്ടി നിയോഗിച്ചിരുന്നത്. കാനത്തിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രധാനപ്പെട്ട വിഷയങ്ങളിൽ സഭയിൽ സംസാരിക്കാൻ ചുമതലപ്പെടുത്തിയിരുന്നത് അദ്ദേഹത്തെയായിരുന്നു. നിലപാടുകളിൽ വ്യത്യസ്തത പുലർത്തുമ്പോഴും വിയോജിപ്പുകൾ രേഖപ്പെടുത്തുമ്പോഴും ഞങ്ങളുടെ സ്‌നേഹത്തിന് ഇടിവ് തട്ടിയിരുന്നില്ല.

അദ്ദേഹത്തിന്റെ വേർപാട് സി.പി.ഐയ്ക്ക് മാത്രമല്ല ഇടതുപക്ഷപ്രസ്ഥാനങ്ങൾക്ക് കടുത്ത ആഘാതവും ഏറ്റവും വലിയ നഷ്ടവുമാണ്. വരാനിരിക്കുന്ന രാഷ്ട്രീയ വെല്ലുവിളിയെ നേരിടുന്നതിന് എല്ലാവരും കൂട്ടായി പ്രവർത്തിക്കുന്ന ഘട്ടത്തിൽ അദ്ദേഹത്തെ നഷ്ടമായത് ഇടതു പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ്. കൂട്ടായ പ്രവർത്തനത്തിലൂടെ അത് പരിഹരിക്കുക എന്നതല്ലാതെ മറ്റ് മാർഗമില്ല.