
തിരുവനന്തപുരം: പാർട്ടിയെ നേരിന്റെ വഴിയിലൂടെ മുന്നോട്ട് നയിക്കാൻ പ്രവർത്തിച്ച നല്ല കമ്മ്യൂണിസ്റ്റായിരുന്നു കാനമെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പാർട്ടി പ്രവർത്തനത്തിന്റെ എല്ലാ മേഖലയിലും അദ്ദേഹമുണ്ടായിരുന്നു. അപൂർവം ചിലർക്ക് ലഭിക്കുന്ന അവസരമാണത്. 1970 മുതൽ കാനവും നേരിട്ട് ബന്ധമുണ്ട്. അന്ന് അദ്ദേഹം എ.എൈ.വൈ.എഫിന്റെ സംസ്ഥാന സെക്രട്ടറിയും താൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായിരുന്നു. ചെറുപ്പത്തിലേ യുവജനസംഘടനയുടെ സംസ്ഥാന സെക്രട്ടറിയായ അദ്ദേഹം സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുമുള്ള ചെറുപ്പക്കാരുമായി ബന്ധം സ്ഥാപിച്ചിരുന്നു. പിന്നീട് പാർട്ടി അദ്ദേഹത്തെ തൊഴിലാളി മേഖലയിൽ പ്രവർത്തിക്കാൻ നിയോഗിച്ചു. അതിനു ശേഷമാണ് അദ്ദേഹം കോട്ടയം ജില്ലാ സെക്രട്ടറിയാവുന്നത്. രണ്ടുതവണ അതേ പദവി വഹിച്ച അദ്ദേഹം വാഴൂരിൽ നിന്ന് നിയമസഭയിലെത്തി. പാർട്ടി പ്രവർത്തനങ്ങളിൽ പിഴവില്ലാതെ കാര്യങ്ങൾ കൊണ്ടുപോവുക എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിടവാങ്ങൽ ഇത്ര പെട്ടന്നാകുമെന്ന് കരുതിയില്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.