
മാവേലിക്കര: ചെറിയനാട് ചെറുവല്ലൂർ ആലക്കോട്ട് കല്ലേലിൽ വീട്ടിൽ കൊച്ചുമോൻ എന്ന സി.എം.ഫിലിപ്പിനെ (72) കാൺമാനില്ലെന്ന പരാതിയിൽ വെണ്മണി പൊലീസ് നടത്തിയ അന്വേഷണത്തിൽ ആളെ കണ്ടെത്തിയതോടെ പുറത്തുവന്നത് വൻ തട്ടിപ്പിന്റെ കഥ.
വീടുവിട്ട് ആത്മഹത്യയുടെ വക്കിലെത്തിയ ഫിലിപ്പിനെ പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ചെങ്ങന്നൂർ ഡിവൈ.എസ്.പി ബിനുകുമാറിന്റെ നേതൃത്വത്തിൽ വെണ്മണി സി.ഐ നസീർ.എ, എസ്.ഐ അരുണ്‍കുമാർ.എ എന്നിവരുൾപ്പെട്ട സംഘമാണ് ഫിലിപ്പിനെ കോട്ടയത്ത് നിന്ന് കണ്ടെത്തയത്. കോടതിയിൽ ഹാജരാക്കുന്നതിനായി മൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് വൻ തട്ടിപ്പിന്റെ വിവരങ്ങൾ
ചുരുളഴിഞ്ഞത്.
അമ്പലപ്പുഴ വണ്ടാനം നീർക്കുന്നം കൊച്ചുപുരയ്ക്കൽ വീട്ടിലെ ചെറിയനാട് കടയിക്കാട് കൊച്ചുവീട്ടിൽ തെക്കേതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അബ്ദുൾ മനാഫ് (33), മാന്നാർ എസ്.ഐ ചമഞ്ഞും കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പടുത്തിയും പലപ്പോഴായി 25 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കാര്യം പുറത്തായത്. ഇയാളുടെ നിരന്തരഭീഷണിയും പണം ആവശ്യപ്പട്ടുകൊണ്ടുള്ള ഫോൺ കോളുകളും ഭയന്നാണ് ഫിലിപ്പ് നാടുവിട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അബ്ദുൾ മനാഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വ്യാജ സി.ഡി വിൽപ്പന, എസ്.സി-എസ്.ടി പീഡനം എന്നിവയ്ക്ക് ആലപ്പുഴ സൗത്ത്, നോർത്ത് സ്റ്റേഷനുകളിലെ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതിയാണ് അബ്ദുൾ മനാഫ് എന്ന് പൊലീസ് പറഞ്ഞു.
സി.ഐ നസീർ.എ, എസ്.ഐ അരുണ്‍കുമാർ.എ എന്നിവരോടൊപ്പം സിവിൽ പൊലീസ് ഓഫീസർമാരായ ആകാശ്, വിജേഷ്, കലേഷ്, അഭിലാഷ്, സതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ചെങ്ങന്നൂർ കോടതി റിമാൻഡ് ചെയ്തു.