തിരുവനന്തപുരം: യൂണിയൻ നേതാവിന്റെ അനാവശ്യ ഇടപെടൽ കാരണം ജോലി ചെയ്യാനാകുന്നില്ലെന്ന് പരാതിയുമായി നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ. ശുചീകരണ തൊഴിലാളികളുടെ ഭരണപക്ഷ യൂണിയൻ നേതാവിനെതിരെയാണ് പരാതി. നഗരസഭയിലെ പ്രധാനപ്പെട്ട ഹെൽത്ത് സർക്കിളുകളായ പാളയം,ശ്രീകണ്ഠേശ്വരം,മേയർ ആര്യാ രാജേന്ദ്രന്റെ വാർഡ് ഉൾപ്പെടുന്ന തിരുമല തുടങ്ങിയ ഏഴ് സർക്കിളുകളിലെ ആരോഗ്യ വിഭാഗം ജീവനക്കാരാണ് നേതാവിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്.ഹെൽത്ത് സ്ക്വാഡിറങ്ങി നിരോധിത ഉത്പന്നങ്ങൾ പിടിക്കുമ്പോഴും കടകൾക്ക് ലൈസൻസുകൾ നൽകുന്നതിനും യൂണിയൻ നേതാവിൽനിന്ന് അനാവശ്യ ഇടപെടലുകളുണ്ടാകുന്നു വെന്നാണ് പരാതി.നേതാവ് പറയും പോലെ പ്രവർത്തിച്ചില്ലെങ്കിൽ സ്ഥലം മാറ്റൽ ഭീഷണിയാണ്. കഴിഞ്ഞ ദിവസം ശ്രീകണ്ഠേശ്വരം സർക്കിളിൽ ഒരു ജെ.എച്ച്.ഐയോട് അതേ സർക്കിളിലെ ശുചീകരണ തൊഴിലാളി അധിക്ഷേപിക്കുന്ന പരമാർശം നടത്തി.അവിടത്തെ എച്ച്.ഐ അതിൽ അന്വേഷണം നടത്തി റിപ്പോർട്ട് കൊടുത്തു.എന്നാൽ യൂണിയൻ നേതാവ് ഇടപെട്ട് ആ റിപ്പോർട്ട് തെറ്റാണെന്നും തിരുത്തണമെന്നും എച്ച്.ഐയോട് ആവശ്യപ്പെട്ടെങ്കിലും അത് നടന്നില്ല. തുടർന്ന് നഗരസഭയിൽ സമ്മർദ്ദം ചെലുത്തി റിപ്പോർട്ടിന്മേലുള്ള തുടർനടപടി മരവിപ്പിച്ചു.തിരുമല സർക്കിളിൽ ജോലി ചെയ്യാൻ ശുചീകരണ തൊഴിലാളിയോട് ദേഷ്യത്തിൽ അവിടത്തെ ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞുവെന്ന കാരണം ചൂണ്ടിക്കാട്ടി ഹെൽത്ത് ഇൻസ്പെക്ടറെ സ്ഥലം മാറ്റണമെന്ന ആവശ്യവും ഉന്നയിച്ച് നേതാവ് ഹെൽത്ത് ഓഫീസറെ സമീപിപ്പിച്ചു. പാളയത്തും ഹെൽത്ത് സക്വാഡിൽ ഇറങ്ങിയ ഉദ്യോഗസ്ഥരോട് പാർട്ടിക്കാരുടെ കടകളിൽ പരിശോധനകൾ വേണ്ടെന്ന വിധത്തിലുള്ള നിർദ്ദേശം നൽകിയെന്നും പരാതി ഉന്നയിക്കുന്നു. കൂടാതെ സി.പി.ഐ യൂണിയനിലുൾപ്പടെയുള്ള 90 ശുചീകരണ തൊഴിലാളികളെ ഒരു കാരണവുമില്ലാതെ സ്ഥലം മാറ്റിയെന്നും തൊഴിലാളികൾ പറയുന്നു.
ഇടപെടാതെ മേയറും ചെയർപേഴ്സണും
അനാവശ്യ ഇടപെടലുകളുടെ പരിധി കടന്നപ്പോഴാണ് എച്ച്.ഐമാരും ജെ.എച്ച്.ഐമാരും പരാതിയുമായി മേയറെയും ചെയർപേഴ്സണെയും സമീപിച്ചത്. എന്നാൽ നേതാവ് പാർട്ടിവഴി പിടിമുറുക്കിയപ്പോൾ ഇരുവരും ഉദ്യോഗസ്ഥരെ കൈവിട്ടു. സംയമനം പാലിച്ച് മുന്നോട്ട് പോകാനാണ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. മന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ജീവനക്കാർ.