jerly-siraj

ആലുവ: മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി വീശിയതിന്റെ പേരിൽ ഡി.വൈ.എഫ്.ഐക്കാരുടെ ക്രൂരമർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആലുവയിലെ ആശുപത്രിയിലേക്ക് മാറ്റി. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ജെർളി കപ്രശേരി, യൂത്ത് കോൺഗ്രസ് ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സിറാജുദ്ദീൻ എന്നിവരെയാണ് ആലുവ കാരോത്തുകുഴി ആശുപത്രിയിലേക്ക് ഇന്നലെ മാറ്റിയത്. ഗുരുതര പരിക്കേറ്റ ഇരുവരുടെയും സി.ടി, എം.ആർ.ഐ സ്‌കാനെടുത്തു.

വ്യാഴാഴ്ച വൈകിട്ട് ദേശത്ത് വച്ചായിരുന്നു സംഭവം. ഇരുവരെയും മറ്റ് സഹപ്രവർത്തകർക്കൊപ്പം ദേശത്തെ സ്വകാര്യാശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇരുവരുടെയും പരിക്ക് ഗുരുതരമായതിനാലാണ് ആലുവയിലേക്ക് മാറ്റിയത്. ആലുവയിലെ നവകേരള സദസിൽ പങ്കെടുക്കാൻ വരുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി വീശിയത്. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയതിന് പിന്നാലെയാണ് സ്വിഫ്റ്റ് കാറിലും ഇന്നോവയിലുമെത്തിയവർ ഇവരെ ആക്രമിച്ചത്. തൊട്ടുപിന്നാലെ ട്രാവലറിലെത്തിയ മുപ്പതോളം ഡി.വൈ.എഫ്.ഐക്കാരാണ് ക്രൂരമായി മർദ്ദിച്ചതെന്ന് ആശുപത്രിയിൽ കഴിയുന്നവർ പൊലീസിന് മൊഴിനൽകി. പൊലീസ് നോക്കി നിൽക്കെയായിരുന്നു ആക്രമണം. സമീപത്തെ സ്വകാര്യഹോട്ടലിൽനിന്ന് മർദ്ദനത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ യൂത്ത് കോൺഗ്രസ് ശേഖരിച്ചിട്ടുണ്ട്.