sda

കോഴിക്കോട്: പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി 37 വർഷത്തിന് ശേഷം പിടിയിൽ. കോഴിക്കോട് പന്നിയങ്കര സ്വദേശി കെണിയ പറമ്പത്ത് അബ്ദുൽ ഗഫൂറിനെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

1986 ആഗസ്റ്റ് മാസം ആറിന് കോഴിക്കോട് മാവൂർ റോഡിലെ സാഗർ ഹോട്ടലിന് മുന്നിൽ നിന്നാണ് ഇയാൾ പൊലീസുകാരെ ആക്രമിച്ചത്. പാസ്‌പോർട്ടും മറ്റ് രേഖകളും ഹാജരാക്കി ഇയാൾ ജാമ്യത്തിൽ ഇറങ്ങിയിരുന്നു. എന്നാൽ പിന്നീട് കോടതി നടപടികൾക്ക് ഹാജരാകാതെ വിവിധ സ്ഥലങ്ങളിൽ വ്യാജ വിലാസത്തിൽ ഒളിവിൽ കഴിയുകയായിരുന്നു.

ഇയാളുടെ വിലാസം കണ്ടെത്തി സൈബർ സെല്ലിന്റെ സഹായത്തോടെ നടക്കാവ് ഇൻസ്‌പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. നടക്കാവ് സബ് ഇൻസ്‌പെക്ടർ പി.ലീല, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.വി ശ്രീകാന്ത്, പി.കെ ബൈജു, സി. ഹരീഷ് കുമാർ, യു.സി വിജീഷ്, പ്രഭാഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.