
നിലമ്പൂർ: ആനക്കൊമ്പുകളുമായി കോഴിക്കോട് അഞ്ചു പേർ പിടിയിലായ കേസിൽ നിലമ്പൂരിൽ നാലുപേരെ കൂടി അറസ്റ്റു ചെയ്തു. ആനക്കൊമ്പ് പുഴയിൽ നിന്ന് കണ്ടെടുത്ത കരുളായി മാഞ്ചിരി കോളനിയിലെ ഹരിദാസൻ (46), ഇയാൾ ആനക്കൊമ്പ് കൈമാറിയ നെല്ലിക്കുത്ത് നമ്പൂരിപ്പൊട്ടി വലിയവീട്ടിൽ മോഹനൻ (50), നെല്ലിക്കുത്ത് നമ്പൂരിപ്പൊട്ടി പാലപ്പെറ്റ വീട്ടിൽ അബ്ദുൾ മുനീർ (43), കരുളായി വാരിക്കൽ കുടപ്പറ്റ കെ.പി. ഹൈദർ (60) എന്നിവരെയാണ് കരുളായി വനം റെയ്ഞ്ച് ഓഫീസർ പി.കെ. മുജീബ് റഹ്മാന്റെ നേതൃത്വത്തിലുള്ള വനം സംഘം പിടികൂടിയത്. വ്യാഴാഴ്ച കോഴിക്കോട് പിടിയിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.
കരിമ്പുഴയുടെ തീരത്ത് നിന്ന് ആനയുടെ ജഡത്തിലുണ്ടായിരുന്ന കൊമ്പുകൾ താനാണ് ഹൈദർ ഉൾപ്പെടെയുള്ളവർക്ക് നൽകിയതെന്ന് ഹരിദാസൻ മൊഴി നൽകിയിരുന്നു. മാസങ്ങൾക്ക് മുൻപ് ആനയുടെ ജഡത്തിൽ നിന്നെടുത്ത കൊമ്പുകൾ വ്യാഴാഴ്ച കോഴിക്കോട് വച്ച് വിൽക്കാൻ ശ്രമിക്കുന്നതിടെയാണ് പിടിയിലായത്. തിരുവനന്തപുരം വനം ഇന്റലിജന്റ്സ് സി.സി.എഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. കോഴിക്കോട് നിന്ന് പിടിയിലായ പ്രതികളെയും ആനക്കൊമ്പുകളും തെളിവെടുപ്പിന്റെ ഭാഗമായി നിലമ്പൂർ സൗത്ത് ഡിവിഷൻ ഓഫീസിെലത്തിച്ചു. ഇവരെ കോഴിക്കോട് നിന്നെത്തിയ പ്രതികൾ തിരിച്ചറിഞ്ഞു.
നിലമ്പൂർ വട്ടപ്പറമ്പ് സ്വദേശി വലിയ പറമ്പ് മുഹമ്മദ് അനസ് (30), താമരശ്ശേരി സ്വദേശി ചുണ്ടകപ്പൊയിൽ ദീപേഷ് (45), തിരുവണ്ണൂർ പുതിയ വീട്ടിൽ സലീം (44), ബെലിയ ചാൽ ചേട്ട സ്വദേശി മുഹമ്മദ് മൊബീൻ (24), ചെറുകുളം മക്കട സത്രത്തിൽ ജിജീഷ് (48) എന്നിവരെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് വച്ച് വനം വിജിലൻസ് വിഭാഗം അറസ്റ്റ് ചെയ്തത്.