
എടവണ്ണപ്പാറ : രേഖകളില്ലാതെ കടത്തിയ 85 ലക്ഷം രൂപ വാഴക്കാട് പൊലീസ് പിടികൂടി . എടവണ്ണപ്പാറ ഭാഗത്തേക്ക് കൊടുവള്ളി ഭാഗത്ത് നിന്ന് വരികയായിരുന്നു ഇയോൺ കാറിൽ നിന്നുമാണ് പണം പിടിച്ചെടുത്തത് . മലപ്പുറം എസ്.പി എസ്. ശശിധരന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.കൊണ്ടോട്ടി ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ വാഴക്കാട് എസ്.ഐ അലവിക്കുട്ടിയും സംഘവുമാണ് പ്രതിയെ എടവണ്ണപ്പാറയിൽ വച്ച് പിടികൂടിയത്. ചേലേമ്പ്ര പൈങ്ങോട്ടൂർ പാലപ്പെട്ടി കൊട്ടാരംതൊടി വീട്ടിൽ മുഹമ്മദ് റഫീഖിനെ (32) പിടികൂടി. രാവിലെ 9.30ഓടെയാണ് എടവണ്ണപ്പാറയിൽ വച്ച് റഫീഖിനെ പിടികൂടിയത്. കാറിന്റെ മുൻ സീറ്റിനടിയിലും ഡ്രൈവിംഗ് സീറ്റിനടിയിലുമായി ചാക്കിലും സഞ്ചിയിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു പണം. പരിശോധനയിൽ എ.എസ്.ഐ റഫീഖ് ബാബു, സി.പി.ഒമാരായ പ്രദീപ്, ലത്തീഫ് തുടങ്ങിയവരും സംബന്ധിച്ചു.