
തിരുവനന്തപുരം: വിദ്യാർത്ഥികൾക്കുള്ള കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ സ്‌കൂളുകളിൽ പരിശോധനാ ലാബുകളൊരുക്കാൻ വാട്ടർ അതോറിട്ടി. 50 ലാബുകളാണ് സ്ഥാപിക്കുക. പൈലറ്റ് പദ്ധതിക്കായി തലസ്ഥാനത്തെ ഒമ്പത് സ്‌കൂളുകൾ കണ്ടെത്തി.
സ്‌കൂളിലെ കെമിസ്ട്രി ലാബുകളോട് ചേർന്നായിരിക്കും ജലപരിശോധനാ ലാബ്. പരിശോധനാഫലം ലാബിൽ പ്രദർശിപ്പിക്കും. തുടർന്ന് വെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കും. പദ്ധതിയുടെ വിശദ റിപ്പോർട്ട് സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.
സ്‌കൂളുകളിലെ വെള്ളം പരിശോധിച്ചപ്പോൾ ഉപയോഗയോഗ്യമല്ലെന്ന് കണ്ടതിനെ തുടർന്നാണ് ലാബുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.
പരിശോധിച്ച 2171 സാമ്പിളുകളിൽ 554 എണ്ണം മാത്രമാണ് കുടിക്കാൻ യോഗ്യമാണെന്ന് കണ്ടെത്തിയത്. 70 ശതമാനം സമ്പിളുകളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യവും കണ്ടെത്തി. 28 ശതമാനത്തിൽ ഇ-കോളി ബാക്ടീരയുമുണ്ടായിരുന്നു.
ചെലവ് 40 ലക്ഷം വരെ
ഒരു ലാബ് സ്ഥാപിക്കാൻ 26 മുതൽ 40 ലക്ഷം രൂപ വരെയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ഇത് എം.എൽ.എ, എം.പി ഫണ്ടുകളിൽ നിന്ന് കണ്ടെത്തും. സർക്കാർ - എയ്ഡഡ് സ്‌കൂൾ ലാബുകൾക്ക് കുറഞ്ഞ നിരക്കിൽ കിറ്റ് നൽകി വെള്ളത്തിന്റെ നിലവാരം പരിശോധിക്കാം.
നിറവും മണവും പരിശോധിക്കും
വെള്ളത്തിന്റെ പി.എച്ച് മൂല്യം, നിറം, മണം, കലക്കൽ അഥവാ ടർബിഡിറ്റി, ലയിച്ചു ചേർന്നിരിക്കുന്ന രാസവസ്തുക്കൾ അഥവാ ടി.ഡി.എസ്, ഇലക്ട്രിക്കൽ കണ്ടക്ടിവിറ്റി, അമ്ളാംശം, ആൽക്കലിനിറ്റി (ക്ഷാരാംശം), കാഠിന്യം അഥവാ ഹാർഡ്‌നെസ്, ഇരുമ്പിന്റെയും ഫ്ലൂറൈഡിന്റെയും അംശം, നൈട്രേറ്റ്, ഉപ്പുരസം (ക്ലോറൈഡ്), കോളിഫോം, ഇ-കോളി, അവക്ഷിപ്ത ക്ലോറിൻ (റെസിഡുവൽ ക്ലോറിൻ) എന്നിവ ലാബിൽ പരിശോധിക്കും.