
തിരുവനന്തപുരം: എൻ.സി.സിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച എൻ.സി.സി വനിതാ കേഡറ്റുകളുടെ മെഗാസൈക്കിൾ റാലിക്ക് കവടിയാർ പാർക്കിൽ അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തിരുവനന്തപുരം എൻ.സി.സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ആനന്ദ് കുമാറും മുതിർന്ന എൻ.സി.സി ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ബ്രിഗേഡിയർ നരേന്ദ്ര ചരാഗ് നയിക്കുന്ന ടീമിൽ 14 വനിതാ കെഡറ്റുകളാണ് ഉള്ളത്. കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര, ദാമൻ ആൻഡ് ദിയു, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന റാലി ടീമിന് ജനുവരി 28ന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി സ്വീകരണം നൽകും.
ഒരു ദിവസം ശരാശരി 97 കിലോമീറ്റർ എന്ന ക്രമത്തിൽ 32 സൈക്ലിംഗ് ദിവസങ്ങളിലായി റാലി 3232 കിലോമീറ്റർ പിന്നിട്ടാണ് ഡൽഹിയിൽ എത്തുന്നത്. യാത്രാമദ്ധ്യേ കേഡറ്റുകൾ ജനങ്ങളുമായി സംവദിക്കുകയും അവരുടെ ലക്ഷ്യത്തെക്കുറിച്ച് പ്രചാരണം നടത്തുകയും ചെയ്യും.
ഇന്ത്യയുടെ വളർച്ചയുടെ ചരിത്രം മുന്നോട്ട് കൊണ്ടുപോകാൻ യുവാക്കളെ ഉദ്‌ബോധിപ്പിക്കുകയും 'മഹിളാ ശക്തി' തെളിയിക്കുക എന്നതുമാണ് ഈ റാലിയുടെ ലക്ഷ്യം. കന്യാകുമരിയിൽ നടന്ന ചടങ്ങിൽ , 2019ൽ അസാമിൽ വീരമൃത്യു വരിച്ച ലഫ്റ്റനന്റ് കേണൽ ആനന്ദിന്റെ ഭാര്യ പ്രിയങ്ക നായർ സൈക്കിൾ റാലി ഫ്ളാഗ് ഓഫ് ചെയ്തു.