k

സ്വവർഗാനുരാഗത്തിന്റെ കഥ പറഞ്ഞ 'കാതൽ' എന്ന സിനിമ ഇരുകൈകളും നീട്ടി സ്വീകരിച്ച കേരളക്കരയിൽ എത്തിയതിൽ കെനിയൻ സംവിധായിക വനൂരി കഹിയൂവിന് അഭിമാനവും സന്തോഷവും. 'കാതൽ' വനൂരി കണ്ടിട്ടില്ല. എങ്കിലും മുഖ്യധാരയിൽ നിന്നു മാറി,​ ന്യൂനപക്ഷങ്ങൾക്കായി സംസാരിക്കുന്ന ചിത്രങ്ങൾക്ക് പൂർണപിന്തുണയാണ് വനൂരി. 2018ൽ വനൂരി സംവിധാനം ചെയ്ത 'റഫീക്കി' എന്ന സിനിമയാണ് ഇക്കുറി ഐ.എഫ്.എഫ്.കെയിൽ സ്പിരിറ്റ് ഒഫ് ദി സിനിമ പുരസ്കാരത്തിന് അർഹമായത്. സിനിമയ്ക്കും രാഷ്ട്രീയത്തിനുമപ്പുറം കെനിയയിൽ നിന്ന് കേരളത്തിലേയ്ക്ക് വനൂരിയെത്തിയതിന് മറ്റ് ചില ലക്ഷ്യങ്ങളുമുണ്ട്. സ്വതന്ത്രചിന്തകളുടെയും സാംസ്കാരിക കൂട്ടായ്മകളുടെയും വിളനിലമായ മാനവീയംവീഥിയിൽ ചുറ്റിക്കറങ്ങണം, കോവളത്തെ കടൽകാറ്റ് ആസ്വദിക്കണം, വേളിയിൽ കടലും കായലും സംഗമിക്കുന്നത് കാണണം, ഭയമില്ലാതെ നഗരവീഥികളിലൂടെ നടക്കണം...വനൂരിയുടെ വാക്കുകളിൽ 'ദിസ് പ്ലെയ്സ് ഈസ് എ ഹെവൻ ഇൻഡീഡ്..' ഇതെല്ലാം ഇവിടെ വന്നശേഷം മനസിലാക്കിയ സ്ഥലങ്ങളാണ് .

16ാം വയസിൽ തുടങ്ങിയതാണ് സിനിമാ മോഹം. സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ ഏറ്റവും നല്ല മാദ്ധ്യമമാണ് സിനിമ. സ്വവർഗലൈംഗികത പ്രമേയമാക്കിയ ചിത്രം ഒരുക്കിയതിന് ഭരണകൂടം വർഷങ്ങളോളം വേട്ടയാടി. തളർന്നില്ലേ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം.. 'സ്നേഹവും അനുകമ്പയും മനസിലുള്ളിടത്തോളം തളരാനാവില്ല...' പ്രതീക്ഷ, സന്തോഷം, ദയ ഇവയുടെ ത്രീ ഇൻ വൺ പാക്കേജാണ് വനൂരി സിനിമകൾ. ചിത്രത്തിന് ആഫ്രിക്കയിൽ ഏർപ്പെടുത്തിയ നിരോധനം വെറും ഏഴ് ദിവസത്തേക്ക് മാറ്റിയപ്പോഴാണ് അതിർവരമ്പുകൾ ഭേദിച്ച് കേരളത്തിലുൾപ്പെടെ ചർച്ചചെയ്യപ്പെട്ടത്. വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ പലരും മടിക്കുന്നത് സംഘർഷം ഒഴിവാക്കാനാണെന്നും വനൂരി പറയുന്നു.

നല്ല സിനിമകളെ എന്നും പിന്തുണയ്ക്കുന്ന കേരളത്തെ വനൂരി ഏറെ ഇഷ്ടപ്പെടുന്നു. പ്രണയത്തിൽ ഒരു 'ഫോബിയ'കൾക്കും സ്ഥാനമില്ലെന്നാണ് വനൂരിയുടെ അഭിപ്രായം. ആർ.ആർ.ആർ ഉൾപ്പെടെയുള്ള ഇന്ത്യൻ സിനിമകൾ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഐ.എഫ്.എഫ്.കെയിൽ വരും ദിവസങ്ങളിൽ ഒരുപിടി മലയാളചിത്രങ്ങൾ കാണണം. ഇനിയും കേരളത്തിൽ വരുമോ എന്ന ചോദ്യത്തിന് വലിയൊരു ചിരിയായിരുന്നു മറുപടി. ഒരുനിമിഷം നിറുത്തിയ ശേഷം 'ഇനി കുടുംബവും ഒത്തായിരിക്കും വരുന്നത്'..എന്നു പറഞ്ഞു. തിരുവനന്തപുരത്തിന്റെ മുഖമുദ്ര‌യായ ഭക്ഷണങ്ങൾ കഴിക്കാൻ വരാതിരിക്കാനാവുമോ?​

എന്ന മറുചോദ്യവും.

.