chakratheerthakulam

വർക്കല: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വർക്കല ജനാർദനസ്വാമി ക്ഷേത്രത്തിലെ ചക്ര തീർത്ഥക്കുളത്തിന്റെ നവീകരണം പൂർത്തിയായി. 2015 മേയ് 14നാണ് നവീകരണ പ്രവർത്തികൾ ആരംഭിച്ചത്. കോടികൾ ചെലവഴിച്ചിട്ടും പുനരുദ്ധാരണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. പൊട്ടിപ്പൊളിഞ്ഞ കൽപ്പടവുകളും കൊത്തളങ്ങളും പുനർ നിർമ്മിക്കാനും ചുറ്റുമതിലും നടപ്പാതയോടും കൂടി 6 മാസത്തിനുള്ളിൽ പണി പൂർത്തികരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. കരാറുകാരനും സമീപത്തെ വസ്തു ഉടമസ്ഥനും ദ്വേവസം ബോർഡിനെതിരെ നൽകിയ കേസും നിലനിൽക്കുന്നതിനാൽ കുളത്തിന്റെ കിഴക്ക് ഭാഗത്തെ സംരക്ഷണഭിത്തിയുടെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ മേൽനോട്ടത്തിൽ 37 ലക്ഷം രൂപ ചെലവഴിച്ചാണ് അവസാനഘട്ട ജോലികൾ പൂർത്തീകരിച്ചത്.

നവീകരണം ആരംഭിച്ചത്.......2015ൽ

 നവീകരണം ഇതുവരെ

നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ നിരവധി കടമ്പകൾ നേരിടേണ്ടി വന്നു. കുളത്തിന്റെ നാല് വശത്തെയും പടവുകളുടെ നിർമ്മാണം 2017ൽ പൂർത്തിയായിരുന്നു. പാത്രക്കുളത്തിൽ നിന്ന് ചക്രതീർത്ഥക്കുളത്തിലേക്കുള്ള ഓവ് പുനസ്ഥാപിക്കുന്നതിനും വലിയ തോതിൽ കാലതാമസം ഉണ്ടായി. രണ്ട് വട്ടം ഇതിന്റെ ജോലികൾ പരാജയപ്പെട്ടിരുന്നു. മൂന്നാമത്തെ ശ്രമത്തിലാണ് ഇത് പൂർത്തിയാക്കാൻ കഴിഞ്ഞത്. ഊട്ടുപുര സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നിർമ്മിച്ച സംരക്ഷണഭിത്തി തകർന്ന് വീഴുകയും അത് വീണ്ടും ഇടിച്ചു മാറ്റി പുനർ നിർമ്മിക്കുകയും ചെയ്തു. കുളത്തിന്റെ കിഴക്ക് ശ്രീരാമ- ഹനുമാൻ ക്ഷേത്രം സ്ഥിതിചെയ്യുന്ന ഭാഗത്തെ സംരക്ഷണഭിത്തിയും മണ്ണിടിഞ്ഞു തകർന്നിരുന്നു.

 കാരണങ്ങൾ ഏറെ

നവീകരണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം ദേവസ്വം ടൂറിസം ഡിപ്പാർട്ട്‌മെന്റിന്റെ മേൽനോട്ടത്തിലാണ് പൂർത്തീകരിച്ചത്. 1.32 കോടി രൂപ ചെലവഴിച്ചു ടൂറിസം ഡിപ്പാർട്ട്‌മെന്റ് രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയാക്കി. കരാറുകാരൻ പണി ഉപേക്ഷിച്ചു പോകുന്നത് ഉൾപ്പെടെയുള്ള സാഹചര്യവും കൊറോണ കാലവുമൊക്കെ നവീകരണ ജോലികൾ തടസ്സപ്പെടാൻ കാരണമായി. നവീകരണം അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ പ്രതിഷേധങ്ങളും നടന്നിരുന്നു.