ks

തിരുവനന്തപുരം: രാഹുൽഗാന്ധിക്ക് വയനാട് മത്സരിക്കാമെങ്കിൽ ബി.ജെ.പിയുടെ ദേശീയ നേതാക്കൾക്കും കേരളത്തിൽ മത്സരിക്കാമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ സാമ്പത്തിക തകർച്ചയ്ക്ക് കാരണം നയവൈകല്യമാണെന്നും ഈ ദുരിതത്തിൽ നിന്ന് കരകയറാൻ കേരളത്തിന് മോദിയുടെ ഗ്യാരന്റി മാത്രമേ ഉള്ളുവെന്നും അദ്ദേഹം വിശദീകരിച്ചു. അടുത്തമാസം ജനജാഗരണയാത്ര ആരംഭിക്കാനിരിക്കെ കേരളകൗമുദിക്കു നൽകിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളിൽ നിന്ന്:

?വികസനം മോദിക്കൊപ്പം എന്ന മുദ്രാവാക്യത്തിന് കേരളത്തിലെന്ത് പ്രസക്തി

മാറി മാറി ഭരിച്ച ഇടത്, വലത് മുന്നണികളുടെ അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും

തെറ്റായ നയങ്ങളുടെയും ഫലമാണ് ഇന്ന് അനുഭവിക്കുന്ന ഈ ദുരന്തം. ഇതിൽ നിന്ന് മോചനം മോദിക്കൊപ്പമാണ്. വികസനവും സാമ്പത്തിക സുരക്ഷിതത്വവും കടമില്ലാത്ത ഭരണവും വരും. അത് മോദിയുടെ ഗ്യാരന്റിയാണ്.

?തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ ആത്മവിശ്വാസം എത്രമാത്രം

ജനങ്ങളിൽ നിന്ന് ലഭിക്കുന്ന മികച്ച പ്രതികരണമാണ് ആത്മവിശ്വാസം. മാസങ്ങൾക്ക് മുൻപേ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒരു വർഷത്തിനിടെ രണ്ടു തവണ ഞങ്ങൾ ഗൃഹസമ്പർക്കം നടത്തി മോദി സർക്കാരിന്റെ നേട്ടങ്ങൾ വീടുകളിലെത്തിച്ചു. വിവിധ പദ്ധതികളിൽ അവരെ അംഗങ്ങളാക്കി. എൻ.ഡി.എയെ ബൂത്ത് തലം വരെ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

ചുണ്ടിനും കപ്പിനുമിടയിൽ വഴുതിപ്പോകുന്ന ജയം പിടിച്ചെടുക്കാൻ ഇക്കുറി കരുതലുണ്ടോ

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ചുരുങ്ങിയ വോട്ടുൾക്ക് നാലു സീറ്റുകൾ നഷ്ടപ്പെട്ടു. ഞങ്ങൾ ജയിക്കുമെന്ന് മനസിലാക്കി മഞ്ചേശ്വരം, നേമം, പാലക്കാട് എന്നിവിടങ്ങളിൽ യു.ഡി.എഫും എൽ.ഡി.എഫും പരസ്പരം സഹകരിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മൂന്ന് മണ്ഡലങ്ങളിൽ ഗംഭീര പ്രകടനം നടത്താൻ ദേശീയ ജനാധിപത്യ സഖ്യത്തിനായി. പോരായ്മകൾ മനസിലാക്കിയാണ് 2024ലെ പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്നത്.


?ശബരിമലയും ലൗ ജിഹാദുമില്ല, ഇക്കുറി വിഷയമെന്തായിരിക്കും

കേന്ദ്ര സർക്കാരിന്റെ പത്തു വർഷത്തെ വികസന നേട്ടങ്ങളായിരിക്കും ഇക്കുറി വോട്ടാകുക. ഒപ്പം സംസ്ഥാന സർക്കാരിന്റെ ജനദ്രോഹനയങ്ങളും അഴിമതിയും വർഗീയ പ്രീണനവും തുറന്നു കാണിക്കും. ഹിന്ദുക്കളും ക്രിസ്ത്യാനികളും കേരളത്തിൽ രണ്ടാംതരം പൗരൻമാരായി. ഇത് ചർച്ചയാകും.


?സ്ഥാനാർത്ഥി നിർണ്ണയത്തിൽ പുതിയ പരീക്ഷണങ്ങൾക്ക് ഒരുങ്ങുമോ

സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ആരംഭിച്ചു. എല്ലാ സാദ്ധ്യതകളും തേടും. ജയസാദ്ധ്യതയുള്ള സെലിബ്രിറ്റികളും സീനിയർ നേതാക്കളും പുതുമുഖങ്ങളും സ്ത്രീകളും ഉൾപ്പെടെ പ്രതീക്ഷിക്കാം.


?രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും ഇവിടെ സ്ഥാനാർത്ഥിയാകുമെന്ന് കേൾക്കുന്നു

രാഹുൽഗാന്ധിക്കും പ്രിയങ്കഗാന്ധിക്കും കേരളമൊരു തുരുത്താണ്. പക്ഷെ ഇത്തവണ ഇവരുടെ കൺകെട്ട് വിദ്യ വിലപ്പോവില്ല. കേരളത്തോടുള്ള സ്‌നേഹം കൊണ്ടല്ല വേറെ എവിടെയും നിലനിൽപ്പില്ലാത്തതിനാലാണ് രാഹുൽ വയനാട്ടിലെത്തിയതെന്ന് മലയാളികൾക്ക് മനസിലായി.

?ജനജാഗരൺ യാത്രയ്ക്ക് ഒരുങ്ങുകയല്ലേ

അതേ, അടുത്തമാസമാദ്യം കേരളത്തിലെമ്പാടും പര്യടനം നടത്തും. പ്രവർത്തകരും ദേശീയ നേതാക്കളുമൊപ്പമുണ്ടാകും. ഇന്നുവരെ സംസ്ഥാനം കാണാത്തതരത്തിലുള്ള യാത്രയാണ് ഒരുങ്ങുന്നത്. 25ദിവസം നീണ്ടുനിൽക്കുന്ന കൂറ്റൻ പരിപാടിയാണത്.