
പാലോട്: കള്ളിപ്പാറയിൽ ആയിരവില്ലി തമ്പുരാനും അന്തോണീസ് പുണ്യാളനും ഹാപ്പിയാണ്. ഭേദചിന്തകളുടെ വേലിക്കെട്ടുകൾക്കപ്പുറം നാട്ടുകാർ ഒരുക്കിയ കൽവിളക്കുകളാണ് ആയിരവില്ലി ക്ഷേത്ര നടയിലും പുണ്യാളന്റെ കുരിശടിപ്പള്ളിയിലും തെളിഞ്ഞു കത്തുന്നത്. ക്ഷേത്ര ഉത്സവമായാലും പുണ്യാളന്റെ ആഘോഷമായാലും നാട്ടുകാർക്ക് ഒരുപോലെ. ഉത്സവത്തിന് ക്ഷേത്ര മുറ്റത്ത് അന്നദാനം. തിരുനാൾ ദിനത്തിൽ കുരിശടി നടയിൽ പായസസദ്യ. രണ്ടിടത്തും ഉണ്ണിയപ്പം സ്പെഷ്യലാണ്. വെടിക്കെട്ടും ദീപാലങ്കാരവും സമാസമം. നാട്ടിലെ ചെറുപ്പക്കാരുടെ കൂട്ടായ്മയായ പൗരസമിതിയാണ് എല്ലാറ്റിനും ചുക്കാൻ പിടിക്കുന്നത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ബിജുമോൻ പൗരസമിതിയുടെയും പ്രസിഡന്റാണ്. പള്ളികമ്മിറ്റി അംഗങ്ങളും പൗരസമിതിയിലുണ്ട്. പന്ത്രണ്ട് വർഷം മുമ്പ് രൂപീകരിച്ച പൗരസമിതി ഇന്ന് നാടിന്റെ വെളിച്ചമായി മാറിക്കഴിഞ്ഞു.രക്തദാനം,ചികിത്സാ സഹായം,വിവാഹ-വിദ്യാഭ്യാസ സേവന പ്രവർത്തനങ്ങൾ തുടങ്ങി എന്താവശ്യത്തിനും പൗരസമിതി അംഗങ്ങൾ ഓടിയെത്തും. രതീഷ്,ഷിബു,പ്രവീൺ,ടി.അനൂപ്, വി.എസ്.അനൂപ്, വിനോദ്,മനോജ് തുടങ്ങിയവർ സജീവ പ്രവർത്തകരാണ്.മണ്ഡലചിറപ്പ് വിളക്ക് പൂജയ്ക്കൊപ്പം പുണ്യാളന്റെ തിരുനാൾ ആഘോഷം കൂടി കഴിഞ്ഞ ദിവസം പൗരസമിതി ആഘോഷിച്ചു. കുരിശടി നടയിൽ പൗരസമിതി സ്ഥാപിച്ച കൽവിളക്കിൽ ഇടവക വികാരി ഫാ.പ്രദീപ് ആന്റോ തിരി തെളിച്ചു.