photo

നെടുമങ്ങാട്: താലൂക്കാസ്ഥാനത്തെ ജനത്തിരക്കേറിയ ഭൂരിഭാഗം റോഡുകളും പൊട്ടിപ്പൊളിഞ്ഞ് ശോചനീയവസ്ഥയിൽ. സത്രംമുക്ക്, കല്ലമ്പാറ, പഴകുറ്റി, പതിനൊന്നാം കല്ല്, ആശുപത്രി ജംഗ്ഷൻ, ചന്തമുക്ക്, കുളവിക്കോണം തുടങ്ങി ഏറ്റവും തിരക്കേറിയ നെടുമങ്ങാട് ടൗണിലെ പ്രധാന നിരത്തുകളിലെ റോഡുകളെല്ലാം തകർന്നു തരിപ്പണമായി. ഇടവിട്ടുപെയ്യുന്ന മഴ കൂടിയായതോടെ കുഴികളുടെ വ്യാപ്തി അനുദിനം വർദ്ധിക്കുന്നു. കുഴികളിൽ വീണ് വാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പറ്റുന്നത് പതിവ് സംഭവമാണ്. റോഡിന്റെ വശങ്ങളിലൂടെ നടന്നുപോകുന്ന യാത്രക്കാരുടെ മേൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ ചെളി അഭിഷേകവും നടക്കും. കല്ലമ്പാറ ജംഗ്ഷനിൽ പൊതുശ്‌മശാനത്തിന് സമീപത്ത് റോഡിലെ കുഴികളിൽ വീണ് അപകടം പതിവായതോടെ പ്രതിഷേധവുമായി സമീപവാസികൾ രംഗത്തെത്തി. റോഡിന് നടുക്ക് കുഴിയിൽ ചെടിനട്ടാണ് നാട്ടുകാർ പ്രതിഷേധിച്ചത്. പരാതി പെരുകുമ്പോൾ പേരിനുമാത്രം അറ്റകുറ്റപ്പണി നടത്തി പി.ഡബ്ല്യുയു.ഡി ഉദ്യോഗസ്ഥർ മുഖം രക്ഷിക്കുകയാണെന്ന് പരാതിയുണ്ട്. പണി നടത്തി രണ്ടോ മൂന്നോ ദിവസത്തിനകം തന്നെ കുഴികൾ പഴയ സ്ഥിതിയിലാകുന്നതാണ് പതിവ്. റോഡുകൾ പൊട്ടിപ്പൊളിഞ്ഞതോടെ ഗതാഗതക്കുരുക്കും പതിവായിട്ടുണ്ട്.