തിരുവനന്തപുരം: 'പോരാട്ടത്തിന്റെ നാളുകളിൽ ഞങ്ങളെ ആകെ നയിച്ച നേതാവേ,അങ്ങയ്ക്ക് ആയിരം അഭിവാദ്യങ്ങൾ...'
കോട്ടയത്തെ കാനത്ത് ജനിച്ച് തലസ്ഥാന ജില്ലയെ കർമ്മമണ്ഡലമാക്കിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തിരുവനന്തപുരം വിടചൊല്ലി.
പ്രിയ നേതാവിനോടുള്ള സ്നേഹം വികാരഭരിതമായ നിമിഷങ്ങൾക്ക് വഴിമാറുന്ന കാഴ്ചയായിരുന്നു ജില്ലയിലൂടെയുള്ള വിലാപയാത്ര.പട്ടം മുതൽ നിലമേൽ വരെയുള്ള 40കിലോമീറ്റർ ദൂരം നൂറുകണക്കിന് പ്രവർത്തകരാണ് സഖാവിനെ ഒരുനോക്കുകാണാൻ കാത്തുനിന്നത്. പൊതുദർശനത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് 2.10നാണ് മൃതദേഹം പട്ടം പി.എസ് സ്മാരകത്തിൽ നിന്ന് പുറത്തേയ്ക്കെടുത്തത്. പ്രത്യേകം തയ്യാറാക്കിയ കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസിലാണ് ഫ്രീസർ തയ്യാറാക്കിയിരുന്നത്. മൃതദേഹം ബസിലേക്ക് കയറ്റിയ ശേഷം പുറത്ത് കാത്തുനിന്നവർക്ക് കാണാൻ സൗകര്യമൊരുക്കി. തുടർന്ന് 2.20ന് ജന്മനാടായ കാനത്തേയ്ക്കുള്ള വിലാപയാത്ര പുറപ്പെട്ടു. മൃതദേഹത്തിന്റെ തലയ്ക്കൽ മന്ത്രി പി.പ്രസാദ് കാവൽ പോലെ നിലയുറപ്പിച്ചു. ആളുകൾ കയറിവരുന്ന വാതിലിന്റെ നിയന്ത്രണം മന്ത്രി ജി.ആർ.അനിൽ ഏറ്റെടുത്തു. പുറത്തേയ്ക്ക് ഇറങ്ങുന്ന വാതിലിൽ നിന്ന് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബുവും സംസ്ഥാന അസി.സെക്രട്ടറി വി.പി.സുനീറും പ്രവർത്തകരെ അഭിവാദ്യം ചെയ്തു.
മന്ത്രിമാരായ കെ.രാജൻ,ജെ.ചിഞ്ചുറാണി,സി.പി.ഐ നേതാക്കളായ ബിനോയ് വിശ്വം,കെ.പി.രാജേന്ദ്രൻ എന്നിവരും കാനത്തിന്റെ മകൻ സന്ദീപ്,മരുമകൻ സർവേശ്വരൻ ഉൾപ്പെടെയുള്ളവർ ബസിലുണ്ടായിരുന്നു.ബസിന് അകമ്പടിയായി കാറിൽ സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയും പന്ന്യൻ രവീന്ദ്രനും മറ്റു കാറുകളിൽ നേതാക്കളും കാനത്തിന്റെ അന്ത്യയാത്രയിൽ അനുഗമിച്ചു.
വികാരനിർഭരം
2.47ന് മണ്ണന്തലയിൽ എത്തിയപ്പോൾ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് റീത്തും പൂക്കളുമായി ബസിനുള്ളിലേക്ക് കയറി മന്ത്രിമാർ ഉൾപ്പെടെ പ്രവർത്തകരെ നിയന്ത്രിച്ച് എല്ലാവർക്കും കാണാൻ സൗകര്യമൊരുക്കി.
3ന് വട്ടപ്പാറയിൽ വിലാപയാത്ര എത്തിയപ്പോഴേക്കും അവിടെയും നിരവധി പേർ കാനത്തെ അവസാനമായി കാണാൻ കാത്തുനിന്നു.
3.20ന് കന്യാകുളങ്ങരയിൽ യുവാക്കൾ ഉൾപ്പെടെയുള്ള പ്രവർത്തകരുടെ നിരയാണ് കാനത്തിന് അന്ത്യാഭിവാദ്യം അർപ്പിച്ചത്.
3.30ന് വെമ്പായം ജംഗ്ഷനിലും കാനം രാജേന്ദ്രന് വികാരനിർഭരമായ യാത്രാമൊഴിയാണ് പ്രവർത്തകർ നൽകിയത്.
3.50ന് വെഞ്ഞാറംമൂട് ജംഗ്ഷനിലും ഓട്ടോത്തൊഴിലാളികൾ ഉൾപ്പെടെ റീത്തുമായി പ്രിയ സഖാവിനെ കാത്തു നിന്നു.
4.5ന് കാരേറ്റ് സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ കാനത്തിന് വിടപറയാനെത്തി
4.25ന് കിളിമാനൂർ ജംഗ്ഷനിൽ വലിയൊരു ജനക്കൂട്ടമാണ് കാനത്തെ കാണാൻ കാത്തുനിന്നത്. എ.ഐ.എസ്.എഫിന്റെ ടീ ഷർട്ട് ഉൾപ്പെടെ അണിഞ്ഞ യുവാക്കളുടെ നിരയായിരുന്നു.
4.50ന് വിലാപയാത്ര ജില്ലാ അതിർത്തി പിന്നിട്ട് നിലമേൽ ജംഗ്ഷനിൽ കാനത്തിന് അന്ത്യമോപചാരം അർപ്പിക്കാൻ റോഡിന്റെ ഒരുവശം നിറഞ്ഞ് പ്രവർത്തകർ തടിച്ചുകൂടി. റെഡ് വോളന്റിയർമാർ രംഗത്തിറങ്ങിയാണ് ഇവിടെ ആളുകളെ നിയന്ത്രിച്ചത്. തുടർന്ന് കൊല്ലം ജില്ലയിലൂടെ യാത്ര തുടർന്നു.....