
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്കരണങ്ങളെയും പ്രശ്നങ്ങളെയും സംബന്ധിച്ച് ഗവർണർമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് നടത്തും. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ആരിഫ് മുഹമ്മദ് ഖാനുമായുള്ള വീഡിയോ കൂടിക്കാഴ്ച. സംസ്ഥാനത്തെ സർവകലാശാലകളിൽ വി.സിമാരില്ലാത്തതടക്കം പ്രശ്നങ്ങൾ ഗവർണർ അവതരിപ്പിക്കും. വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റികളിലേക്ക് സെനറ്റ്, സിൻഡിക്കേറ്റ് പ്രതിനിധികളെ നൽകാത്തതിനാൽ സംസ്ഥാനത്ത് 9 വാഴ്സിറ്റികളിൽ വി.സിമാരില്ലാത്ത സ്ഥിതിയാണ്.
ഗവർണർമാരുമായി രാവിലെ പത്തരയ്ക്ക് തുടങ്ങുന്ന പരിപാടി കാണാൻ വി.സിമാർ, ഡീനുമാർ, കേന്ദ്ര സ്ഥാപനങ്ങളുടെ പ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിവരടക്കം 100പേരെ രാജ്ഭവൻ ക്ഷണിച്ചിട്ടുണ്ട്. ശ്രീചിത്രാ ഇൻസ്റ്റിറ്ര്യൂട്ട്, ഐസർ, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി എന്നിവിടങ്ങളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കും. വികസിത ഭാരത് സങ്കൽപ്പ് പരിപാടിയുടെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ആശയവിനിമയം.