balagopal

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രസർക്കാർ സൃഷ്ടിക്കുന്ന പ്രതിസന്ധി മാത്രമാണുള്ളതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.

മുൻ സർക്കാരുകളുമായി താരതമ്യം ചെയ്താലും മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താലും കേരളത്തിന്റെ സാമ്പത്തിക പുരോഗതി മികച്ചതാണ്.തനത് വരുമാനം കൂടികൊണ്ടിരിക്കുകയാണ്. കടമെടുപ്പ് ഗണ്യമായി കുറയുന്നു. വികസനപദ്ധതികൾക്ക് പണം വെട്ടിക്കുറയ്ക്കുന്നില്ല. കടം തിരിച്ചടവിൽ വീഴ്ച വരുത്തിയിട്ടില്ല. നികുതിവരുമാനം വർദ്ധിക്കുന്നു. ആളോഹരി വരുമാനം, മൊത്ത ആഭ്യന്തര ഉൽപാദനം തുടങ്ങിയവയിലും മികച്ച സ്ഥിതിയിലാണ്. ധനകാര്യഉത്തരവാദിത്വ നിയമം അനുസരിച്ച് വായ്പാ പരിധി നിയന്ത്രിത തോതിലാക്കുന്നതിൽ വിജയിക്കുന്നുണ്ട്. ഇക്കാര്യം പാർലമെന്റിലെ റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റിസർവ് ബാങ്കിന്റെ കഴിഞ്ഞ റിപ്പോർട്ടിലും കേരളത്തിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതായി സൂചിപ്പിച്ചിട്ടുണ്ട്.

അർഹമായ വിഹിതങ്ങളും ഗ്രാന്റുകളും നൽകുന്നതിൽ കേന്ദ്രസർക്കാർ അസാധാരണമായ കാലതാമസം വരുത്തുന്നതും പുതിയ വ്യവസ്ഥകൾ നടപ്പാക്കാൻ ശ്രമിക്കുന്നതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പദ്ധതികളിലെ കേന്ദ്രവിഹിതം സംസ്ഥാനം ആദ്യം ചെലവഴിക്കുകയും പിന്നീട് കേന്ദ്ര സഹായം കിട്ടുമ്പോൾ അത് പരിഹരിക്കുകയുമാണ് ചെയ്യുന്നത്. കേന്ദ്രം പണം തരാൻ വൈകുമ്പോൾ സാമ്പത്തിക ഞെരുക്കത്തിലാകും. അത് പരിഹരിക്കാൻ കടം വാങ്ങാനും അനുവാദമില്ലാത്ത സ്ഥിതിയിൽ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടാകും. അത് പരിഹരിക്കാനുള്ള ശ്രമമാണ് നടത്തിവരുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങൾക്ക് വിഹിതങ്ങൾ യഥാസമയം കൈമാറുകയും പ്രതിസന്ധികൾ മറികടക്കാൻ സഹായിക്കേണ്ടതും കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വമാണ്. അത് നിർവ്വഹിക്കാതിരിക്കുന്നത് ജനവിരുദ്ധമാണ്.കേരളത്തിന് അർഹമായ വിഹിതങ്ങൾ കിട്ടിയാൽ കുടിശിക കൊടുത്തുതീർക്കാനാകും.