തിരുവനന്തപുരം: രാജ്യത്തെ ദാരിദ്ര്യത്തെയും സമൂഹത്തിലെ പിന്നാക്ക അവസ്ഥയേയും ജാതിയും മതവും കൊണ്ട് വിഭജിച്ചിട്ട് കാര്യമില്ലെന്നും അർഹമായി ലഭിക്കേണ്ടത് അർഹമായി തന്നെ ലഭിക്കണമെന്നും മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസോലിയോസ് ക്ലിമീസ് കാത്തോലിക്ക ബാവ പറഞ്ഞു. ഇന്ത്യൻ ഇവാൻജലിക്കൽ ലൂഥറൻ ചർച്ച് (ഐ.ഇ.എൽ.സി) തിരുവനന്തപുരം സിനഡ് നടത്തിയ ലൂഥറൻ മഹാസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഗമം ഇന്ത്യൻ ഇവാൻജലിക്കൽ ലൂഥറൻ ചർച്ച് പ്രസിഡന്റ് ഡോ. പ്രീസ്റ്റിലി ബാലാസിംഗ് ഉദ്ഘാടനം ചെയ്തു. ക്രിസ്ത്യാനി മാസിക പ്രകാശനവും നിർവഹിച്ചു. പരിഷ്‌കരിച്ച സൺഡേ സ്‌കൂൾ പാഠ്യ പദ്ധതി പ്രകാശനം നാഗർകോവിൽ കൺകോർഡിയ സെമിനാരി പ്രിൻസിപ്പൽ ഡോ.പി.ആർ. സെൽവരാജും ഡിജിറ്റൽ ലൂഥറൻ ആരാധന പുസ്തക പ്രകാശനം ഇന്ത്യൻ ഇവാൻജലിക്കൽ ലൂഥറൻ ചർച്ച് വൈസ് പ്രസിഡന്റ് വൈ.കെ. മോഹൻദാസ് നിർവഹിച്ചു.
തിരുവനന്തപുരം സിനഡ് പ്രസിഡന്റ് മോഹൻ മാനുവേൽ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ജി. സ്റ്റീഫൻ, എൻ.ആൻസലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, തിരുവനന്തപുരം സിനഡ് വൈസ് പ്രസിഡന്റ് ജെ.മോഹൻരാജ്, സെക്രട്ടറി എ. പ്രമോദ് കുമാർ, ഐ.ഇ.എൽ.സി ജനറൽ സെക്രട്ടറി എസ്.കെ. സ്റ്റാലിൻ, സിനഡ് ട്രസ്റ്റ് ഡയറക്ടർ ജി. ജസ്റ്റിൻരാജ് തുടങ്ങിയവർ പ്രസംഗിച്ചു. സംഗമത്തിനു മുന്നോടിയായി ഘോഷയാത്രയും നടത്തി.