
ബംഗളൂരു: ജെ.ഡി.എസ്. ദേശീയ വൈസ് പ്രസിഡന്റ് സി.കെ. നാണുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ജെ.പി. ഭവനിൽ ചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.
സി.കെ. നാണു ദേശീയ വൈസ് പ്രസിഡന്റ് പദവി ഉപയോഗിച്ച് നാളെ ജെ.ഡി.എസ് പ്ലീനറി യോഗം വിളിച്ചതാണ് ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡയെ ചൊടിപ്പിച്ചത്. നാണു സമാന്തരയോഗം വിളിച്ചത് പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ദേവഗൗഡ വ്യക്തമാക്കി. സി.എം. ഇബ്രാഹിം തെറ്റിദ്ധരിപ്പിച്ചാണ് സി.കെ. നാണുവിനെ കൂടെ നിർത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.എം. ഇബ്രാഹിമിന്റെ ആശീർവാദത്തോടെയാണ് നാണു യോഗം വിളിച്ചത്. ഇതിൽ ദേവഗൗഡയെ പുറത്താക്കി യഥാർത്ഥ പാർട്ടി തങ്ങളുടേതാണെന്ന് പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
കേരളത്തിൽ നിന്നുള്ള ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ മാത്യു.ടി.തോമസും മന്ത്രി കെ.കൃഷ്ണൻകുട്ടിയും ദേവഗൗഡ വിഭാഗം വിളിച്ച യോഗത്തിൽ പങ്കെടുത്തില്ല. നാളെ നടക്കുന്ന മറുവിഭാഗത്തിന്റെ യോഗത്തിലും അവർ പങ്കെടുക്കില്ലെന്നാണ് അറിയിച്ചിട്ടുള്ളത്.
നിലവിൽ അവർ ദേശീയ നേതൃത്വമെടുത്ത എൻ.ഡി.എ ബാന്ധവത്തെ തള്ളിയെങ്കിലും നാണു വിഭാഗത്തിന് പിന്തുണ നൽകിയിട്ടില്ല. അവർ പിളർന്ന് സംസ്ഥാനത്ത് മറ്റൊരു പാർട്ടിയായി മാറിയിട്ടുമില്ല.
കർണാടക മുൻ സംസ്ഥാന അധ്യക്ഷൻ സി.എം. ഇബ്രാഹമിനെ ഗൗഡ വിഭാഗം നേരത്തേ പുറത്താക്കിയിരുന്നു. കേരളത്തിൽ പാർട്ടി സ്വതന്ത്ര നിലപാടെടുത്താണ് മുന്നോട്ടു പോകുന്നതെന്ന് ദേവഗൗഡ ആവർത്തിക്കുന്നു. ജനുവരിയോടെ പുനഃസംഘടന നടത്തി എല്ലാ സംസ്ഥാനങ്ങളിലും പുതിയ കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കത്തിലാണ് ദേവഗൗഡ പക്ഷം.