p

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മിഷന് നാഥനില്ലാത്തതിനാൽ മനുഷ്യാവകാശ ലംഘന പരാതികൾ സ്വീകരിക്കുന്നത് കേരളത്തിൽ കുറയുന്നു. കമ്മിഷനിൽ ആറുമാസമായി ചെയർമാനില്ല. രണ്ട് അംഗങ്ങൾ മാത്രം. ഇതോടെ ജില്ലകളിലെ സിറ്റിംഗ് മാസത്തിൽ ഒന്നായി ചുരുങ്ങി. പരാതികളും കുറഞ്ഞു.

പ്രതിവർഷം 16000 പരാതികൾ വരെ നേരത്തേ മനുഷ്യാവകാശ കമ്മിഷനിൽ ലഭിച്ചിരുന്നിടത്ത് ഇക്കൊല്ലം ഇതുവരെ കിട്ടിയത് 8137പരാതികൾ മാത്രം. നിലവിലെ അംഗങ്ങളായ ബൈജുനാഥ് ഫെബ്രുവരിയിലും ബീനാകുമാരി അടുത്ത ഡിസംബറിലും കാലാവധി പൂർത്തിയാക്കും.

മനുഷ്യാവകാശ ലംഘന പരാതികളിൽ 70 ശതമാനത്തിലേറെയും പൊലീസിനെതിരേയാണ്. വില്ലേജ് ഓഫീസർമാരടക്കം റവന്യൂ ഉദ്യോഗസ്ഥർക്കെതിരെയാണ് ശേഷിക്കുന്ന പരാതികളിൽ ഭൂരിഭാഗവും. ജലഅതോറിട്ടി, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കെതിരേയും പരാതികൾ കൂടുന്നുണ്ട്.

പരാതികൾ അന്വേഷിക്കാൻ ഐ.ജി പി.പ്രകാശിന്റെ നേതൃത്വത്തിൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമുണ്ട്. ഇവർ അന്വേഷിച്ച ശേഷം ഇരുകക്ഷികളുടെയും വാദം കൂടി കേട്ടശേഷം കമ്മിഷൻ ഉത്തരവിറക്കുകയാണ് ചെയ്യുക. ബന്ധപ്പെട്ട വകുപ്പുകൾ ഇത് നടപ്പാക്കുന്നുണ്ട്.

സ്വത്ത് കൈക്കലാക്കിയ ശേഷം വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കൾക്കെതിരായ കേസുകൾ കൂടുന്നുണ്ട്. മുതിർന്ന പൗരന്മാരുടെ സംരക്ഷണ നിയമം സ്വത്തുക്കൾ മാതാപിതാക്കളുടെ പേരിൽ തിരിച്ചെഴുതിക്കാൻ കമ്മിഷൻ അടുത്തിടെ മൂന്ന് ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. ഇടുക്കി, എറണാകുളം , കൊല്ലം ജില്ലകളിലെ കേസുകളിലാണിത്.

ജസ്റ്റിസ് മണികുമാറിന്റെ

പേര് പിൻവലിച്ചേക്കും

സർക്കാർ ശുപാർശ ചെയ്ത ഹൈക്കോടതി റിട്ട. ചീഫ്ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനാക്കാൻ ഗവർണർ തയ്യാറല്ല. ചീഫ് ജസ്റ്റിസായിരിക്കുമ്പോൾ തന്നെ മണികുമാറിനെ സർക്കാർ ഈ സ്ഥാനത്തേക്ക് പരിഗണിച്ചു തുടങ്ങിയതിലും വിരമിക്കുന്നതിനു തൊട്ടുമുമ്പ് കോവളത്തെ സ്വകാര്യ ഹോട്ടലിൽ അദ്ദേഹത്തിന് മുഖ്യമന്ത്രി യാത്രഅയപ്പ് നൽകിയതിലുമാണ് ഗവർണർക്ക് അതൃപ്തി

 ജസ്റ്റിസ് മണികുമാറിന് പകരം മറ്റൊരാളെ സർക്കാർ ശുപാർശ ചെയ്യാനിടയുണ്ട്. മലയാളിയും ചത്തീസ്ഗഡ് ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് പി.ആർ. രാമചന്ദ്ര മേനോനാണ് പരിഗണനയിൽ. ഫയലിൽ ഒപ്പിടില്ലെന്ന് ഗവർണർ നിലപാടെടുത്തതോടെ, മണികുമാറിനെക്കൊണ്ട് വിസമ്മതം എഴുതി വാങ്ങി വീണ്ടും കമ്മിറ്റി ചേർന്ന് മറ്റൊരാളെ ശുപാർശ ചെയ്യാനാണ് സർക്കാർ നീക്കം.