
തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്കൂളുകളിൽ ടൈംടേബിൾ പ്രകാരം കായിക പരിശീലനത്തിനുള്ള രണ്ട് പിരീഡുകൾ സ്പോർട്സ് പ്രവർത്തനങ്ങൾക്ക് തന്നെ ഉപയോഗിക്കണമെന്ന് ചൂണ്ടിക്കാട്ടി ജോയിന്റ് ഡയറക്ടർ സർക്കുലർ പുറത്തിറക്കി. ഹയർ സെക്കൻഡറിയിൽ കായികാദ്ധ്യാപക തസ്തിക ഇല്ലാത്തതിനാൽ ഈ സമയങ്ങളിൽ മറ്റ് അദ്ധ്യാപകർ പഠിപ്പിക്കുന്നതാണ് രീതി. എന്നാൽ, ഇനി അത് പാടില്ല.
ആവശ്യമെങ്കിൽ ഹൈസ്കൂളിലെ കായികാദ്ധ്യാപകന്റെ സേവനം ഹയർ സെക്കൻഡറിയിൽ ഉപയോഗപ്പെടുത്താവുന്നതാണ്. അതല്ലെങ്കിൽ ഹയർ സെക്കൻഡറി അദ്ധ്യാപകരെ സ്പോർട്സിന്റെ മേൽനോട്ടച്ചുമതല ഏല്പിക്കാമെന്നും സർക്കുലറിൽ പറയുന്നു.
അതേസമയം, ഹയർ സെക്കൻഡറി അദ്ധ്യാപകരെ ഫിസിക്കൽ എഡ്യുക്കേഷൻ അദ്ധ്യാപകർക്ക് പകരമാക്കാനുള്ള സർക്കുലർ വിചിത്രമാണെന്ന് അദ്ധ്യാപക സംഘടനകൾ പറയുന്നു. സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് എ.എച്ച്.എസ്.ടി.എ ജനറൽ സെക്രട്ടറി എസ്.മനോജ് പറഞ്ഞു.