□പൊലീസ് അലംഭാവമെന്ന് ആക്ഷേപം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ഇന്നലെ വഴുതയ്ക്കാടുള്ള തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിനു സമീപത്തെ സ്വകാര്യ ഹോട്ടലിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കരിങ്കൊടി കാണിച്ചത്.

സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഗവർണർ നിലപാട് തിരുത്തിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പറഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് എം.കെ.നന്ദൻ, സെക്രട്ടറി എസ്.കെ.ആദർശ് എന്നിവരുൾപ്പെടെ 20 പേരെ അറസ്റ്റു ചെയ്തു. നന്ദാവനത്തെ എ.ആർ പൊലീസ് ക്യാംപിലേക്ക് മാറ്റിയ ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു..

ഗവർണർക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ഗവർണർ എത്തുന്നതിനു മുൻപ് പ്രദേശത്ത് എസ്.എഫ്.ഐ പ്രവർത്തകർ തമ്പടിച്ചെങ്കിലും നീക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. മുന്നറിയിപ്പ് ലഭിച്ചിട്ടും ഗവർണർക്ക് സുരക്ഷയൊരുക്കുന്നതിൽ പൊലീസ് അലംഭാവം കാണിച്ചെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.