v-d-satheesan

തിരുവനന്തപുരം: ശബരിമലയിൽ ഭക്തജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചു.

ഭക്തജനത്തിരക്ക് അടിക്കടി വർദ്ധിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വലിയ പ്രതിസന്ധിയാണ്. 15 മുതൽ 20 മണിക്കൂർ വരെ ക്യൂവാണ്. ഭക്തർക്ക് കുടിവെള്ളം പോലും ലഭിക്കുന്നില്ല. സ്ത്രീകളെയും കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഹൈക്കോടതി ആവർത്തിച്ചിട്ടും സർക്കാർ അനങ്ങുന്നില്ല.
വേണ്ടത്ര പൊലീസ് ഇല്ലെന്ന പരാതിയുണ്ട്. സെക്രട്ടേറിയറ്റ് നാഥനില്ലാ കളരി ആയതും മുന്നൊരുക്കങ്ങളെ ബാധിച്ചു. അവലോകന യോഗങ്ങൾ നടന്നിട്ടില്ല. പൊലീസും ദേവസ്വം ബോർഡും തമ്മിലുള്ള തർക്കം തീർത്ഥാടനത്തെ ബാധിച്ചു. ആവശ്യത്തിന് ശൗചാലയങ്ങൾ ഇല്ല. ആംബുലൻസ് സർവീസും ഒരുക്കിയിട്ടില്ല.
ക്യൂ കോപ്ലെക്സ് ഉപയോഗപ്പെടുത്തുന്നതിൽ ദേവസ്വം ബോർഡും പൊലീസും പരാജയപ്പെട്ടു. ഈ സ്ഥിതി തുടർന്നാൽ ഭക്തർ കടുത്ത പ്രതിസന്ധിയിലാവും.