
തിരുവനന്തപുരം: മനുഷ്യാവകാശ സംരക്ഷണം സ്‌കൂൾ സിലബസിൽ ഉൾപ്പെടുത്തണമെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌കൂളിൽ നിന്ന് പഠിക്കുന്ന കാര്യങ്ങൾ വീട്ടിൽ പങ്കുവയ്ക്കും. സ്‌കൂളിലും വീട്ടിലും ബോധവത്കരണം നടത്തിയാൽ മനുഷ്യാവകാശ ലംഘനങ്ങൾ പൂർണമായും ഒഴിവാക്കാം. മനുഷ്യാവകാശ നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കിയിട്ടും പലരും തങ്ങളുടെ അടിസ്ഥാന അവകാശങ്ങളെക്കുറിച്ച് അജ്ഞരാണ്. ഇത് ഭരണഘടനാപരമായ അവകാശങ്ങളാണ്. സർക്കാരിനോ നിയമനിർമ്മാണ സഭകൾക്കോ കവർന്നെടുക്കാൻ കഴിയുന്നതല്ല. മനുഷ്യാവകാശ സംരക്ഷണം തുടങ്ങേണ്ടത് വീടുകളിൽ
നിന്നാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
മനുഷ്യാവകാശം ഓരോവ്യക്തിയും അവരുടെ ജീവിതചര്യയുടെ ഭാഗമാക്കണമെന്ന് കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സൺ കെ. ബൈജുനാഥ് പറഞ്ഞു. സാധാരണക്കാർ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി പറഞ്ഞു. മനുഷ്യാവകാശ സംരക്ഷണ പ്രതിജ്ഞ കെ. ബൈജുനാഥ് ചൊല്ലി കൊടുത്തു. നിയമ സെക്രട്ടറി കെ.ജി. സനൽ കുമാർ, സഹകരണ ട്രിബ്യൂണൽ ജഡ്ജും ജുഡിഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ എൻ. ശേഷാദ്രി നാഥൻ, മനുഷ്യാവകാശ കമ്മിഷൻ ചീഫ് ഇൻവെസ്റ്റിഗേറ്റീവ് ഓഫീസറും ഐ.ജി.യുമായ പി. പ്രകാശ് എന്നിവർ സംസാരിച്ചു. മനുഷ്യാവകാശ സംരക്ഷണത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ച് മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് പ്രഭാഷണം നടത്തി. കമ്മിഷൻ സെക്രട്ടറി എസ്.എച്ച്. ജയകേശൻ സ്വാഗതവും രജിസ്ട്രാർ എസ്.വി. അമൃത നന്ദിയും പറഞ്ഞു.