
അതിഥി വേഷത്തിൽ മമ്മൂട്ടി, അബ്രഹാം ഓസ്ലറുമായി ജയറാം
പുതുവർഷം മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും നൽകുന്നത് വൻ പ്രതീക്ഷ. മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും ആദ്യമായി ഒരുമിക്കുന്ന മലൈക്കോട്ടൈ വാലിബൻ ആണ് ജനുവരിയിലെ ബ്രഹ്മാണ്ഡ ചിത്രം. ജനുവരി 25നാണ് വാലിബൻ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. ബോക്‌സോഫീസിൽ വാലിബൻ പണം വാരുമെന്ന് ഉറപ്പാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ വാലിബന്റെ ഉയർച്ച തന്നെയാണ് കാണിക്കുന്നത്. ജനുവരി അഞ്ചിനാണ് പുതുവർഷത്തിലെ ആദ്യ റിലീസ്. മാത്യു തോമസ്, മനോജ് കെ. ജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീഷ് കരുണാകരൻ രചനയും സംവിധാനവും നിർവഹിക്കുന്ന ലൗലി ജനുവരി അഞ്ചിന് റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. സംവിധായകൻ ആഷിഖ് അബു ആദ്യമായി ഛായാഗ്രഹണം നിർവഹിക്കുന്നു എന്നതാണ് ലൗലിയുടെ പ്രത്യേകത. അശ്വതി മനോഹരൻ, ആഷ്‌ലി, ഗംഗമീര, പ്രശാന്ത് മുരളി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
അനീഷ് അൻവർ സംവിധാനം ചെയ്യുന്ന സർവൈവൽ ത്രില്ലർ രാസ്താ അഞ്ചിന് റിലീസ് ചെയ്യും. സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് എന്നിവരോടൊപ്പം അനീഷ് അൻവറും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു.
നവാഗതനായ വിഷ്ണു രവിശക്തി കഥ എഴുതി സംവിധാനം ചെയ്യുന്ന മാംഗോ മുറി ആണ് അഞ്ചിന് റിലീസ് ചെയ്യുന്ന മറ്രൊരു ചിത്രം. ജാഫർ ഇടുക്കി, സിബി തോമസ്, ശ്രീകാന്ത് മുരളി, പി.എ ലാലി, അർപ്പിത്, അജിഷ പ്രഭാകർ എന്നിവരാണ് പ്രധാന താരങ്ങൾ. സംവിധായകൻ വിഷ്ണു രവിശക്തിയും തോമസ് സൈമണും ചേർന്നാണ് തിരക്കഥ.
കോട്ടയം രമേഷ്, രാഹുൽ മാധവ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന വി.എം.അനിൽ സംവിധാനം ചെയ്യുന്ന പാളയം പി.സി 5ന് റിലീസ് ചെയ്യും
ജയറാം വേറിട്ട ഗെറ്റപ്പിൽ എത്തുന്ന മിഥുൻ മാനുവൽ തോമസ് ചിത്രം ബ്രഹാം ഓസ്‌ലർ 11ന് തിയേറ്ററുകളിൽ.
മെഡിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നു. അഞ്ചാംപാതിര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അർജുൻ നന്ദകുമാർ, അനശ്വര രാജൻ, ആര്യസലിം, സെന്തിൽകൃഷ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. തിരക്കഥ ഡോ. രൺധീർ കൃഷ്ണ.
ബോളിവുഡ് ചിത്രം ഫൈറ്റർ 25ന് തിയേറ്ററുകളിൽ എത്തും. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹൃതിക് റോഷനും ദീപിക പദുകോണും ആണ് പ്രധാന താരങ്ങൾ. ദീപിക പദുകോണിന്റെ ഗ്ളാമർ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പത്താനുശേഷം സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൈറ്റർ.