പയ്യന്നൂർ: പയ്യന്നൂരിൽ പ്രവാസിയുടെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 20 പവൻ ആഭരണങ്ങളും 20,000 രൂപയും ബ്ലാങ്ക് ചെക്ക് ബുക്കും പാസ്‌പോർട്ടും രേഖകളും കവർന്ന കേസിലെ പ്രതി പിടിയിൽ. തമിഴ്നാട് കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി പി. രാജനെ (59)യാണ് പയ്യന്നൂർ എസ്.ഐ എം.വി. ഷിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മേട്ടുപ്പാളയത്തു വച്ച് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 29ന് രാത്രിയാണ് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം ചേരിക്കൽമുക്കിലെ വിദേശത്ത് എൻജിനീയറായ വിഗ്നേഷ് ഹൗസിൽ സുനിൽകുമാറിന്റെ വീട്ടിൽ കവർച്ച നടന്നത്. സുനിൽകുമാറിന്റെ ഭാര്യ പൂർണ്ണിമയും കുടുംബവും വീട് പൂട്ടി തലശ്ശേരിയിലെ സ്വന്തം വീട്ടിൽ പോയിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടത്.

സുനിൽകുമാറിന്റെ ഭാര്യ പൂർണ്ണിമയുടെ പരാതിയിൽ കേസെടുത്ത പയ്യന്നൂർ പൊലീസിന്റെ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള പരിശോധനയും ശാസ്ത്രീയ അന്വേഷണവുമാണ് പ്രതിയിലേക്കെത്താൻ സഹായിച്ചത്.

എസ്.ഐ ഷിജുവിനെ കൂടാതെ എ.എസ്.ഐ രത്നാകരൻ, സിവിൽ പൊലീസ് ഓഫിസർമാരായ അബ്ദുൽ ജബ്ബാർ, നൗഫൽ അഞ്ചില്ലത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. അതേസമയം പൂട്ടിയിട്ട വീട് കുത്തിതുറന്നുള്ള കവർച്ച കഴിഞ്ഞ ദിവസവും പയ്യന്നൂർ സ്റ്റേഷൻ പരിധിയിൽ ഉണ്ടായി. കേളോത്ത് വാടക ക്വാർട്ടേഴ്സിൽ നിന്നും നഷ്ടപ്പെട്ടത് ആറ് പവനും 5000 രൂപയുമായിരുന്നു. പയ്യന്നൂർ ടൗണിൽ അടുത്തിടെ നിരവധി കടകളിലും കവർച്ച നടന്നിരുന്നു.