ഭർതൃ വീട്ടുകാർ കൊന്നതെന്ന് ആരോപണം

പള്ളിക്കര: മകൾ മുഹ്സിന ബന്തടക്ക കരിവേടകത്ത് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദൂരൂഹതയുണ്ടെന്ന് കാണിച്ച് പിതാവ് പള്ളിക്കരയിലെ പള്ളിപ്പുഴ ഹൗസിൽ എൻ.പി മുഹമ്മദ്,​ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി.

2020ലാണ് മകൾ മുഹ്സിനയെ കരിവേടകത്തെ അഷ്കർ എന്നയാൾക്ക് വിവാഹം ചെയ്തു കൊടുത്തത്. കല്ല്യാണ സമയത്ത് 20 പവന്റെ സ്വർണ്ണാ ഭരണങ്ങൾ നൽകിയിരുന്നു. ഇവരുടെ ദാമ്പത്യ ബന്ധത്തിൽ രണ്ട് വയസ്സ് പ്രായമായ ഒരു പെൺകൂട്ടി ഉണ്ട്. ഭർത്താവ് പല തവണ പണം ചോദിച്ച് ബുദ്ധിമുട്ടിച്ചതായി മകൾ പറഞ്ഞിരുന്നുവെന്ന് പരാതിയിൽ പറയുന്നു. അഷ്കർ, അഷ്കറിന്റെ ഉപ്പ ഇബ്രാഹിം, ഉമ്മ ആയിഷ എന്നിവർ ശാരീരികമായും മാനസികമായും മകളെ ബുദ്ധിമുട്ടിച്ചതായി പറയാറുണ്ടായിരുന്നു എന്ന് പിതാവ് മുഹമ്മദ് പറഞ്ഞു. ഈ മാസം നാലാം തീയ്യതി മകൾ മുഹ്സിന ഭർത്താവിന്റെ ഫോണിൽ നിന്ന് വിളിച്ച് എന്റെ ജീവന് ഭീഷണിയുണ്ടെന്നും എന്നെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോകണമെന്നും പറഞ്ഞിരുന്നു. അഞ്ചാം തീയ്യതിയാണ് മുഹ്സിന തൂങ്ങി മരിച്ചതായി അഷ്കറിന്റെ വീട്ടുകാർ അറിയിച്ചത്. മുഹ്സിന ഒരിക്കലും ആത്മഹത്യ ചെയ്യില്ല . എന്റെ മകളെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നു എന്നും മുഹ്സിനയുടെ പിതാവ് എൻ.പി മുഹമ്മദ് മനുഷാവകാശ കമ്മിഷന് നൽകിയ പരാതിയിൽ പറഞ്ഞു.

മുഹ്‌സിനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച്, മരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി പ്രതികൾക്കെതിരെ നിയമം അനുശാസിക്കുന്ന ശിക്ഷ നടപ്പിലാക്കണമെന്ന് കാണിച്ച് ബേക്കൽ ഡിവൈ.എസ്.പിക്ക് മുഹമ്മദ് പരാതി നൽകിയതിൽ നടപടി ഉണ്ടാവാത്തിനാലാണ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.