പെരിങ്ങോട്ടുകര: അരലിറ്റർ മദ്യത്തിന്റെ വിലയിൽ ഒരു ലിറ്റർ മദ്യം കിട്ടും. ഡോക്ടറും സിനിമാ നടനുമായെല്ലാം വിലസിയ ഡോ.അനൂപിന്റെ നേൃത്വത്തിൽ പെരിങ്ങോട്ടുകരയിൽ ഹോട്ടലിന്റെ മറവിൽ നടത്തിയിരുന്ന വ്യാജമദ്യ നിർമ്മാണ കേന്ദ്രത്തിലേക്ക് ആവശ്യക്കാരെ ആകർഷിക്കാൻ ഉപയോഗിച്ചിരുന്ന തന്ത്രമാണിത്. ഓർഡർ കിട്ടുന്ന മുറയ്ക്ക് ആവശ്യക്കാർ പറയുന്ന സ്ഥലങ്ങളിൽ മദ്യ വിതരണം നടത്തികൊടുക്കും. ഇരിങ്ങാലക്കുട മുരിയാട് സ്വദേശി അനൂപ്കുമാർ നേരിട്ടാണ് മദ്യം വിതരണം ചെയ്തിരുന്നത്. മദ്യവുമായി പോവുന്ന വഴിയിൽ പരിശോധന ഉണ്ടാവുകയാണെങ്കിൽ ഡോക്ടറുടെ ഐ.ഡി കാർഡും മനുഷ്യാവകാശ പ്രവർത്തനത്തിന്റെ ഐ.ഡി കാർഡും കാട്ടി രക്ഷപ്പെടും. പ്രതികളായ ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പഴുവിൽ ഗോകുലം സ്‌കൂളിന് സമീപമാണ് ഹോട്ടൽ നടത്തിയിരുന്നത്. ഹോട്ടലിന്റെ മറവിൽ വ്യാജമദ്യനിർമ്മാണം നടക്കുന്നുവെന്ന് രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഹോട്ടൽ പണിക്കാരന്റെ വേഷത്തിൽ അവിടെയെത്തി. തുടർന്ന് ഹോട്ടലിൽ ജോലി നേടി. അവിടെ നടക്കുന്ന കാര്യങ്ങൾ മനസിലാക്കി. തുടർന്നായിരുന്നു എക്‌സൈസിന്റെ റെയ്ഡും അറസ്റ്റും. മദ്യം ഉണ്ടാക്കാനാവശ്യമായ ക്യാരമൽ, ആൽക്കഹോൾ മീറ്റർ, സിൻടെക്‌സ് ടാങ്ക്, മിക്‌സ് ചെയ്യുന്നതിനാവശ്യമായ മോട്ടോർ എന്നിവയും പിടികൂടി. കൂടാതെ മദ്യം കടത്താനുപയോഗിച്ച രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിൽ നിന്നാണ് സ്പിരിറ്റ് കൊണ്ടുവന്നിരുന്നതെന്ന് എക്‌സൈസ് പറഞ്ഞു.