
ഉദിയൻകുളങ്ങര: ചെങ്കൽ പഞ്ചായത്തിന് കീഴിലുള്ള ഉദിയൻകുളങ്ങര സേതുലക്ഷ്മിപുരം പബ്ലിക് മാർക്കറ്റിലെ കച്ചവടക്കാർ അനുഭവിക്കുന്ന ദുരിതത്തിന് അറുതിയില്ല. മത്സ്യത്തിന്റെയും മാംസത്തിന്റെയും മലിനജലം ഒഴുകിപ്പോകാനുള്ള അഴുക്കുചാലിന് മുകളിലാണ് ഈ കച്ചവടക്കാരുടെ ഇരുത്തം. അഴുക്കുചാലിൽ നിന്നുള്ള ദുർഗന്ധം സഹിച്ചുവേണം ഇവർ കച്ചവടം നടത്താൻ. മാർക്കറ്റിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിലെ മാലിന്യവും ചന്തയിലേക്കാണ് ഒഴുകിയെത്തുന്നത് ഇതും കച്ചവടക്കാർക്ക് ദുരിതമായി മാറുന്നു. ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് മാർക്കറ്റ് പ്രവർത്തിക്കുന്നതെങ്കിലും നിലവിൽ എല്ലാ ദിവസവും മാർക്കറ്റ് സജീവമാണ്. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും മാർക്കറ്റ് വൃത്തിയാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കാത്തതിൽ നാട്ടുകാരും വ്യാപാരികളും ഒരുപോലെ പരാതിപ്പെടുന്നു. രാത്രികാലമായാൽ തെരുവ് നായ്ക്കളുടെ ശല്യവും മാർക്കറ്റിനുള്ളിൽ രൂക്ഷമാണ്. ശാശ്വതമായ നടപടി ഉണ്ടാകണമെന്ന് കച്ചവടക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നു.
ദുർഗന്ധം സഹിക്കാൻ വയ്യ
ഈ മാർക്കറ്റിന് ഉള്ളിൽത്തനെയാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. ചെങ്കൽ പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാൾ, തൊഴിലുറപ്പ് ഓഫീസ് എന്നിവ പ്രവർത്തിക്കുന്നത്. ഈ ഓഫീസുകളിൽ എത്തുന്നവർ മാർക്കറ്റിനുള്ളിലെ ദുർഗന്ധം സഹിച്ചുവേണം അകത്തേക്ക് കടക്കാൻ. മഴപെയ്താൽ ചെളിയും വെള്ളവും ഈ അഴുക്ക്ചാലിലേക്ക് ഒഴുകി മാലിന്യത്തിനൊപ്പം കലർന്ന് അസഹനീയമാംവിധം അഴുക്കുചാലായി മാറും.
നവീകരണം ഇല്ല
വർഷംതോറും 15 ലക്ഷം മുതൽ 20 ലക്ഷത്തിലേറെ രൂപയ്ക്കാണ് ചന്ത പഞ്ചായത്ത് ലേലത്തിന് വയ്ക്കുന്നത്. ലേലത്തിന് എടുത്തവർക്ക് കച്ചവടക്കാർ തീരുവയും നൽകണം. എന്നാൽ പഞ്ചായത്തിന് കിട്ടുന്ന ലേലത്തുകയിൽനിന്നും ഒരുശതമാനം രൂപപോലും മാർക്കറ്റിന്റെ നവീകരണത്തിന് ചിലവാക്കാറില്ലെന്നും ആക്ഷേപമുണ്ട്. മാർക്കറ്റിനുള്ളിൽ റോഡ് ഉണ്ടെങ്കിലും അത് പൊളിഞ്ഞ് തരിപ്പണമായിട്ട് വർഷങ്ങൾ ഏറെയായി. ഇതിനകത്തുള്ള ടോയ്ലെറ്റും വൃത്തിഹീനമാണ്.
ദുരിതം ഇങ്ങനെ
1. മാർക്കറ്റിനുള്ളിലെ മലിനജലം ഒഴുകുന്ന അഴുക്കുചാലിന് മുകളിലിരുന്ന് കച്ചവടം
2. കെട്ടിക്കിടക്കുന്ന മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം സഹിച്ച് കച്ചവടം
3. മാർക്കറ്റ് ലേലം വഴി ലക്ഷങ്ങൾ കിട്ടുമ്പോഴും നവീകരണം മാത്രമില്ല
4. മഴപെയ്താൽ മാർക്കറ്റിനുള്ളിൽ കടക്കാൻപോലും കഴിയില്ല
5. മാർക്കറ്റിലെ റോഡും ടോയ്ലെറ്റും തകർന്നു