
തിരുവനന്തപുരം: കരാട്ടെയുടെ ജന്മദേശമായ ജപ്പാനിൽ നിന്ന് മലയാളിയായ വി.വി. വിനോദിന് 8-ാം ഡാൺ ബ്ലാക്ക് ബെൽറ്റ് ലഭിച്ചു. ഈ ബെൽറ്റ് അപൂർവം ഇന്ത്യക്കാർക്ക് മാത്രമേ ലഭിച്ചിട്ടുള്ളു. 40 വർഷമായി കരാട്ടെ പരിശീലിക്കുന്ന വിനോദ് അറിയപ്പെടുന്ന പരിശീലകനുമാണ്. വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി സ്വസ്തി ഫൗണ്ടേഷനുമായി ചേർന്നു സ്ത്രീകളെ സ്വയരക്ഷയ്ക്ക് പ്രാപ്തമാക്കുന്ന കരാട്ടെ പരിശീലന പദ്ധതി 'സ്നേഹ ജ്വാലയുടെ' ചീഫ് കോഓർഡിനേറ്ററായിരുന്നു. ജില്ലാ പഞ്ചായത്തുമായി ചേർന്ന് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വിനോദിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി നടത്തിയ കരാട്ടെ പരിശീലനം ഏറ്റവും കൂടുതൽ പെൺകുട്ടികൾ പങ്കെടുത്ത കരാട്ടെ പരിശീലനപരിപാടിയായി ഗിന്നസ് റെക്കാഡ് നേടി. തിരുവനന്തപുരം വെള്ളയമ്പലം സ്വദേശിയാണ്. സ്പോർട്സ് കൗൺസിൽ കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്. ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ജപ്പാൻ ഗ്രാൻഡ് മാസ്റ്റർ മസാട്ടാക്കാ ഒഷിതാ അംഗീകാരം കൈമാറി.