
തിരുവനന്തപുരം: സർക്കാർ അടിയന്തരമായി പണം അനുവദിച്ചില്ലെങ്കിൽ സപ്ളൈകോയ്ക്ക്ക്രിസ്മസ്- പുതുവത്സര ഫെയറുകൾ തുടങ്ങാൻ കഴിയില്ല.കുടിശികയായി കോടികൾ കിട്ടാനുള്ളതിനാൽ വിതരണ കമ്പനികൾ കൂട്ടത്തോടെ സപ്ളൈകോയുടെ ടെൻഡർ ബഹിഷ്കരിച്ചു.
പങ്കെടുത്തത് നാലു കമ്പനികൾ മാത്രം. കേന്ദ്ര വിജിലൻസ് കമ്മിഷന്റെ മാർഗരേഖയും സംസ്ഥാന സർക്കാരിന്റെ സ്റ്റോർ പർച്ചേസ് മാന്വലും പ്രകാരംനിശ്ചിത എണ്ണത്തിൽ കൂടുതൽ കമ്പനികൾ പങ്കെടുത്തില്ലെങ്കിൽ ടെൻഡർ നൽകാനാവില്ല. എല്ലാവർഷവും എൺപതിലേറെ കമ്പനികൾ പങ്കെടുക്കാറുണ്ട്.
ക്രിസ്മസിന് കഷ്ടിച്ച് രണ്ടാഴ്ച മാത്രമേയുള്ളു. അതിന് ഒരാഴ്ച മുമ്പെങ്കിലും തുടങ്ങിയില്ലെങ്കിൽ സർക്കാരിന് നാണക്കേടാവും.
സബ്സിഡി സാധനങ്ങളായ മുളക്, ഉഴുന്ന്, ജയ അരി എന്നിവയ്ക്ക് ബിഡ് സമർപ്പിച്ചിരിക്കുന്നത് രണ്ട് കമ്പനികൾ മാത്രം.ചെറുപയറിന് മാത്രമാണ് മൂന്നു കമ്പനികൾ ടെൻഡർ നൽകിയത്.
ആവശ്യപ്പെടുന്നത് കഴിഞ്ഞ ടെൻഡറിനേക്കാൾ ഉയർന്ന വില. അതേസമയം, സാധനവില കഴിഞ്ഞ തവണത്തേക്കാൾ താഴ്ന്നു നിൽക്കുകയാണ്.
വീണ്ടും ടെൻഡർ ക്ഷണിച്ചാലും കൂടുതൽ വിതരണക്കാർ പങ്കെടുക്കാൻ സാധ്യതയല്ല. ഉൽപ്പാദന കേന്ദ്രങ്ങളിൽ ചെന്ന് നേരിട്ട് വാങ്ങാനും സപ്ലൈകോയ്ക്ക് കഴിയില്ല.
വിപണി ഇടപടലിന് 500 കോടി രൂപ അനുവദിക്കാൻ ഭക്ഷ്യവകുപ്പ് ധനവകുപ്പിന് കഴിഞ്ഞ മാസം കത്ത് നൽകിയിരുന്നു. പക്ഷേ,ഫലമുണ്ടായില്ല. വിതരണക്കാർക്ക് 500 കോടി കിട്ടാനുള്ളപ്പോഴാണ് ഓണത്തിന് സാധനം എത്തിച്ചത് . ഓണത്തിനു ശേഷം പണം നൽകാമെന്നായിരുന്നു മന്ത്രി ജി.ആർ. അനിൽ ഉറപ്പ് നൽകിയിരുന്നത്. ലഭിച്ചത് തുച്ഛമായ തുക മാത്രമായിരുന്നു. വിപണി ഇടപെടലിൽ മാത്രം 1525 കോടിരൂപയാണ് സർക്കാർ സപ്ലൈകോയ്ക്ക് നൽകാനുള്ളത്.
# ടെൻഡർതുക ബാധ്യത കൂട്ടും
ഉഴുന്നിന് കിലോയ്ക്ക് 125.36 മുതൽ 126.36 വരെയാണ് ചോദിക്കുന്നത്. കഴിഞ്ഞതവണ ടെൻഡർ നൽകിയത് 120 രൂപയ്ക്കാണ്.
മുളകിന്റെ വില കിലോയ്ക്ക് 217.86 മുതൽ 225.46 വരെ. കഴിഞ്ഞ തവണ കരാർ നൽകിയത് 215 രൂപയ്ക്ക്. ചെറുപയറിന് കിലോയ്ക്ക് 139.89 മുതൽ 170 രൂപ വരെയാണ് ക്വാട്ട് ചെയ്തിരിക്കുന്നത്. അവസാന ടെൻഡർ നൽകിയത് 125 രൂപയ്ക്കും. ഇവ അംഗീകരിച്ചാൽ സപ്ലൈകോ കൂടുതൽ ബാദ്ധ്യത ചുമക്കേണ്ടി വരും.
`ഓണത്തിന് സാധനങ്ങൾ എത്തിച്ചതിനടക്കം 800 കോടി രൂപ വിതരണക്കാർക്ക് ലഭിക്കാനുണ്ട്. പകുതിതുകയെങ്കിലും കിട്ടിയാൽ സാധനങ്ങൾ എത്തിക്കാൻ കഴിയും.' -ഹഫ്സർ ട്രേഡിംഗ്, കമ്പനി ഉടമ റഹിം
''പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അത് ഫലം കാണുമെന്നാണ് പ്രതീക്ഷ''
- ജി.ആർ.അനിൽ, ഭക്ഷ്യമന്ത്രി