
തിരുവനന്തപുരം: നടൻ ഭീമൻ രഘു ഒരു മണ്ടനാണെന്ന് സംവിധായകനും ചലച്ചിത്ര അക്കാഡമി ചെയർമാനുമായ രഞ്ജിത്ത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമൻ രഘു എഴുന്നേറ്റുനിന്നു കേട്ടതിനെക്കുറിച്ച് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രഞ്ജിത്ത്. ''മസിലുണ്ടെന്നേ ഉള്ളൂ. സിനിമയിലെ കോമാളിയാണ്. പതിനഞ്ച് മിനിറ്റ് സംസാരിച്ചപ്പോഴും അയാൾ എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല. അദ്ദേഹത്തോടുള്ള ബഹുമാനം കൂടുന്നതും അതുകൊണ്ടാണ്. 'രഘൂ അവിടെ ഇരിക്കൂ" എന്ന് അദ്ദേഹം പറഞ്ഞാൽ അവൻ ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. ഒരു സുഹൃത്ത് ഒരിക്കൽ പറഞ്ഞു: 'രഘൂ നിങ്ങളെ ശക്തികൊണ്ടും ബുദ്ധികൊണ്ടും കീഴ്‌പ്പെടുത്താൻ എനിക്കാകില്ലെന്ന്." 'ശക്തികൊണ്ട് ആകില്ല, ബുദ്ധികൊണ്ട് എങ്ങനെയാണെന്ന് മനസിലായില്ല" എന്നായി രഘു. സുഹൃത്തു പറഞ്ഞു, ഞാൻ ഇത് തമാശ പറഞ്ഞതാണെന്ന് പോലും നിനക്ക് മനസിലായില്ലല്ലോ എന്ന്. അതാണ് അയാൾ മണ്ടനാണെന്ന് പറയാൻ കാരണം"- രഞ്ജിത്ത് പറയുന്നു