photo

നെടുമങ്ങാട്: സംസ്ഥാന അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണവും രണ്ടു വെള്ളിയും കരസ്ഥമാക്കി ദേശീയ മത്സരത്തിന് യോഗ്യത നേടി നെടുമങ്ങാട് ഗവ. ബി.യു.പി.എസിലെ ഏഴാം ക്ളാസുകാരൻ ആർ.വൈകാശ്. സബ് ജൂനിയർ വിഭാഗം 100 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ബാക്ക് സ്ട്രോക്ക്, 400 മീറ്റർ റിലേ എന്നീ ഇനങ്ങളിൽ സ്വർണവും 400 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ബാക്ക് സ്ട്രോക്ക് എന്നിവയിൽ വെള്ളിയുമാണ് വൈകാശ് കരസ്ഥമാക്കിയത്. മൂന്നിനങ്ങളിൽ സ്വർണവും രണ്ടിനങ്ങളിൽ വെള്ളിയും നേടി ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത ലഭിച്ച നീന്തൽ പ്രതിഭകൾ അപൂർവമാണെന്ന് പരിശീലകരും സംഘാടകരും സാക്ഷ്യപ്പെടുത്തുന്നു. രണ്ടു വർഷം മുൻപ് ഫ്രീസ്റ്റൈലിൽ സ്വർണം നേടി ദേശീയ മത്സരത്തിന് വൈകാശ് സെലക്ഷൻ നേടിയെങ്കിലും കൊവിഡ് വ്യാപനത്തെത്തുടർന്ന് ചാമ്പ്യൻഷിപ്പ് നടത്തിയിരുന്നില്ല. ജനുവരി മൂന്ന് മുതൽ ഡൽഹിയിലാണ് ഇത്തവണ ദേശീയ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. പേരുമല സ്വദേശിയും പറണ്ടോട് തെക്കുംകരയിൽ വാടകയ്ക്ക് താമസക്കാരനുമായ രാഹുലിന്റെയും റംസിയുടെയും മൂത്തമകനാണ് വൈകാശ്. നെടുമങ്ങാട് മുൻസിപ്പൽ സ്വിമ്മിംഗ് പൂളിൽ ഗെയിം എക്സ് എന്ന ക്ലബിന്റെ കീഴിലാണ് വൈകാശിന്റെ പ്രാക്ടീസ്. നഴ്‌സറി വിദ്യാർത്ഥി ആയുഷ് സഹോദരനാണ്.