p

തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിൽ നാളെ നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് നാളെ രാവിലെ 7 മുതൽ വൈകിട്ട് 6വരെയാണ്.

വോട്ടു ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുൻപുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം. വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ 10 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും.

14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമ പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 114 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. അതിൽ 47പേർ സ്ത്രീകളാണ്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ അന്തിമ വോട്ടർ പട്ടികയിൽ ആകെ 143345 വോട്ടർമാരാണുള്ളത്. 67764 പുരുഷന്മാരും 75581 സ്ത്രീകളും.

വോട്ടെടുപ്പിന് 192 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് സാധനങ്ങൾ ഇന്ന് ഉച്ചയ്ക്ക് 12ന് മുൻപ് സെക്ടറൽ ഓഫീസർമാർ അതതു പോളിംഗ് ബൂത്തുകളിൽ എത്തിക്കും. ഉദ്യോഗസ്ഥർ പോളിംഗ് ബൂത്തിൽ ഹാജരായി അവ കൈപ്പറ്റണം. മോക്ക് പോൾ വോട്ടെടുപ്പ് ദിവസം രാവിലെ 6ന് നടത്തും.വോട്ടെണ്ണൽ ഫലം www.sec.kerala.gov.in sskänse TREND ൽ ലഭ്യമാകും.