
തിരുവനന്തപുരം: നിരവധി കേസുകളിൽ നിർണായക തുമ്പുണ്ടാക്കിയ പൊലീസ് നായ കല്യാണിയുടെ മരണത്തിൽ ദുരൂഹത. നായ ചത്തത് വിഷം ഉള്ളിൽ ചെന്നാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിന് പിന്നാലെ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു ഉത്തരവിട്ടു.
മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പ്തല നടപടി സ്വീകരിച്ചിട്ടുണ്ട്. അന്വേഷണം കഴിയുന്നത് വരെ ഇവരെ മാറ്റി നിറുത്തും. കല്യാണിയുടെ ചുമതലയുണ്ടായിരുന്ന കെ 9 സ്‌ക്വാഡിലെ എസ്.ഐ ഉണ്ണിത്താൻ,കല്യാണിയുടെ കെയർടേക്കർമാരായ രഞ്ജിത്ത്,ശ്യാം എന്നിവരയൊണ് തത്കാലം മാറ്റിനിറുത്തിയത്. സിറ്റി പൊലീസ് കമ്മിണഷറുടെ നേതൃത്വത്തിൽ എ.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണച്ചുമതല. സംഘത്തിൽ കെ 9 സക്വാഡിലെ എസ്.ഐയുമുണ്ടാകും.
തിരുവനന്തപുരം സിറ്റി കെ9 ഡോഗ് സ്‌ക്വാഡിലെ സ്‌ഫോടക വസ്‌തു പരിശീലന വിഭാഗത്തിലെ സീനിയർ സ്‌നിഫർ നായയാണ് കല്യാണി. കഴിഞ്ഞ മാസം 20നാണ് ഇൻസ്‌പെക്ടർ റാങ്കിലുള്ള ലാബ്രഡോർ വിഭാഗത്തിൽപ്പെട്ട കല്യാണി ചത്തത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ദുരൂഹത ശക്തമായത്. കല്യാണിയുടെ ആന്തരിക അവയവങ്ങളിൽ കണ്ടെത്തിയ വിഷാംശമാണ് സംശയത്തിന് പിന്നിൽ. പോസ്റ്റുമോർട്ടം ചെയ്‌ത ഡോക്ടർ റിപ്പോർട്ട് ചെയ്‌തതനുസരിച്ച് നായയുടെ ആന്തരിക അവയവങ്ങൾ വിശദമായ രാസ പരിശോധനയ്‌ക്ക് അയച്ചു. വിഷാംശം കണ്ടെത്തിയ പശ്ചാത്തലത്തിൽ കെ 9 സ്‌ക്വാഡിലെ മറ്റ് നായകളെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. കല്യാണിയുടെ ഉള്ളിൽ മാത്രം എങ്ങനെ വിഷമെത്തിയെന്നതിലാണ് ദുരൂഹത.
സംഭവത്തിൽ പൂന്തുറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് മൂന്ന് പൊലീസുകാർക്കതിരെ നടപടിയെടുത്തത്. മസ്‌തിഷ്കാർബുദം ബാധിച്ച കല്യാണി അതിനുള്ള മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. അതാണോ മരണകാരണമെന്ന സംശയവുമുണ്ട്. ഡി.ജി.പിയുടെ എക്‌സലൻസ് പുരസ്‌കാരം അടക്കം നിരവധി ബഹുമതികൾ കല്യാണി നേടിയിട്ടുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. രാസപരിശോധനാ ഫലവും വരാനുണ്ട്.
സത്യാവസ്ഥ തെളിഞ്ഞാൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകും
സി.എച്ച്. നാഗരാജു, സിറ്റി പൊലീസ് കമ്മിഷണർ