വിഴിഞ്ഞം: എൽ.എസ്.ജി.ഡി എൻജിനിയർമാരെ ഉപരോധിച്ച സംഭവത്തിൽ 10 കോട്ടുകാൽ പഞ്ചായത്തംഗങ്ങൾക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു. ജോലിക്കിടെ ഉദ്യോഗസ്ഥയെ തടഞ്ഞ് വച്ചതിനാണ് കേസ്.
വെള്ളിയാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു പഞ്ചായത്തംഗങ്ങൾ എൻജിനിയർമാരെ ഉപരോധിച്ചത്. പൊതുമരാമത്ത് പ്രവൃത്തികൾ ഉൾപ്പെട്ടവയുടെ ഫയലുകൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതുകാരണം പഞ്ചായത്തിന് ലഭിക്കേണ്ടിയിരുന്ന ഫണ്ട് നഷ്ടപ്പെട്ടുവെന്ന് ആരോപിച്ചാണ് എൻജിനിയർമാരെ ഉപരോധിച്ചത്.
തുടർന്ന് അസി.എൻജിനിയർ ഓഫീസ് മുറിയിൽ കുഴഞ്ഞുവീണതോടെ വിഴിഞ്ഞം പൊലീസെത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതോടെ പഞ്ചായത്തംഗങ്ങൾ ഉപരോധം അവസാനിപ്പിച്ചു.കോട്ടുകാൽ പഞ്ചായത്തിലെ എൽ.എസ്.ജി.ഡി അസി.എൻജിനിയർ ജി.എസ്.സുചിത്ര ലതയെ അവധിയിൽപ്പോവുന്നതിനെ തുടർന്ന് വെങ്ങാനൂർ പഞ്ചായത്തിലെ എൽ.എസ്.ജി.ഡി അസി.എൻജിനിയർക്ക് താത്കാലിക ചുതല നൽകി.