കഴക്കൂട്ടം: നവകേരള സദസിനോടനുബന്ധിച്ച് കഴക്കൂട്ടം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന വിദ്യാർത്ഥികളുടെ ക്വിസ് മത്സരവും കുളത്തൂർ കോലത്തുകര ക്ഷേത്രം അമിനിറ്റി സെന്ററിൽ നടന്ന തൊഴിലാളി സംഗമവും കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തകനായ ടി.ശശിധരൻ തൊഴിൽ സംഗമത്തിൽ മുഖ്യാതിഥിയായി. കഴക്കൂട്ടം അസിസ്റ്റന്റ് ലേബർ ഓഫീസർ ആർ.അഭിലാഷ് അദ്ധ്യക്ഷനായ ചടങ്ങിൽ ത്രിതല പഞ്ചായത്ത്‌ പ്രതിനിധികൾ,സംഘാടക സമിതി കൺവീനറും ജില്ലാ സപ്ലൈ ഓഫീസറുമായ കെ.അജിത് കുമാർ, താലൂക്ക് സപ്ലൈ ഓഫീസർ ബീനാ ഭദ്രൻ എന്നിവരും പങ്കെടുത്തു. കഴക്കൂട്ടം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്വിസ് മത്സരത്തിൽ ആറ്റിൻകുഴി സർക്കാർ എൽ.പി സ്കൂളിലെ ശ്രീശങ്കർ.പി, ആഷിൻ കൃഷ്ണ എന്നിവരടങ്ങിയ ടീമാണ് എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്. യു.പി വിഭാഗത്തിൽ കരിക്കകം സർക്കാർ ഹൈസ്‌കൂളിലെ അമീഖ മറിയം, ഹൈസ്കൂൾ തലത്തിൽ ശ്രീകാര്യം ടെക്‌നിക്കൽ ഹൈസ്കൂളിലെ വിഷ്ണു.എ, രജാബ്.എൻ എന്നിവരടങ്ങിയ ടീമുകൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹയർസെക്കൻഡറി തലത്തിൽ ജ്യോതിസ് സെൻട്രൽ സ്‌കൂളിലെ അദ്നാൻ നിഷാദ്, സിയാ ഷംനാദ് എന്നിവരുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.