
തിരുവനന്തപുരം: തലസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവീയം വീഥിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്ന ആവശ്യവുമായി മാനവീയം മ്യൂസിക് ഫ്രട്ടേണിറ്റി. നിലവിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റ്,പത്തോളം സി.സി ടിവി ക്യാമറകൾ എന്നിവയുൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ മാനവീയം വീഥിയിലുള്ളതിനാൽ നിയന്ത്രണങ്ങളുടെ ആവശ്യമില്ലെന്നും അനിഷ്ടസംഭവങ്ങളുണ്ടായാൽ കുറ്റക്കാരെ എളുപ്പം പിടികൂടാനാകുമെന്നും മാനവീയത്തെ കലാകാരന്മാർ പറയുന്നു.
മാനവീയം വീഥിയിലെ ഗായകർ, കലാസാങ്കേതിക വിദഗ്ദ്ധർ,ആസ്വാദകർ എന്നിവരുടെ പൊതുകൂട്ടായ്‌മയായ ഇവർ ഇതുസംബന്ധിച്ച് വി.ജോയി എം.എൽ.എയ്ക്ക് നിവേദനം നൽകി. അംഗങ്ങളായ 400 പേർ ഒപ്പിട്ട നിവേദനത്തിന്റെ പകർപ്പ് മേയർ ആര്യാ രാജേന്ദ്രനും നൽകിയിട്ടുണ്ട്. സർക്കാർ മൂന്നുകോടിയിലധികം രൂപ മുടക്കിയാണ് മാനവീയം വീഥിയെ നവീകരിച്ച് സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമായി ഒക്ടോബറിൽ പ്രഖ്യാപിച്ചത്. എന്നാൽ പരിപാടിക്കിടെ സംഘർഷമുണ്ടായതോടെ സിറ്റി പൊലീസ് ഇവിടെ നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.
അതേസമയം തലസ്ഥാനത്തെ രണ്ടാമത്തെ നൈറ്റ് ലൈഫ് കേന്ദ്രം നിശാഗന്ധിയിൽ ജനുവരിയിൽ ആരംഭിക്കാൻ ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. അതിനാൽ മാനവീയത്തെ നിയന്ത്രണങ്ങൾ ഇനിയും തുടരരുതെന്നാണ് കലാകാരന്മാരുടെ ആവശ്യം. സ്വന്തം ചെലവിൽ സംഗീതോപകരണങ്ങൾ വാടകയ്‌ക്കെടുത്താണ് പലരും മാനവീയത്ത് പരിപാടി അവതരിപ്പിക്കുന്നത്. സിറ്റി പൊലീസ്,കോർപ്പറേഷൻ,ടൂറിസം വകുപ്പ് എന്നിവർ ചേർന്നാണ് നിയന്ത്രണത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. കോർപ്പറേഷനും ടൂറിസം വകുപ്പിനും നിയന്ത്രണങ്ങൾ നീക്കുന്നതിനോട് അനുകൂല നിലപാടാണെങ്കിലും ക്രമസമാധാന പാലനത്തിന്റെ ഉത്തരവാദിത്വമുള്ളതിനാൽ നിയന്ത്രണങ്ങൾ നീക്കുന്നതിനോട് പൊലീസ് അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല.
നിവേദനത്തിലുള്ളത്
രാത്രി 12 വരെ മൈക്ക് ഉപയോഗിച്ച് കലാപരിപാടികൾ അവതരിപ്പിക്കാൻ അനുവാദം നൽകണമെന്ന് നിവേദനത്തിൽ പറയുന്നു. ഇതിനുശേഷം സമയഭേദമെന്യേ മൈക്ക് ഉപയോഗിക്കാതെ സംഗീത പരിപാടികൾ അവതരിപ്പിക്കാൻ അനുമതി നൽകണം. മാനവീയത്തേക്കുള്ള ആൽത്തറ,കെൽട്രോൺ എന്നിവിടങ്ങളിലെ പ്രവേശന കവാടങ്ങളിൽ ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന പൊലീസ് ബാരിക്കേഡിന് പകരം ഹാഫ് പ്ലാസ്റ്റിക് ബാരിക്കേഡുകൾ സജ്ജമാക്കണം. സാംസ്‌കാരിക മേഖലയ്ക്ക് അനുയോജ്യമല്ലാത്ത പൊലീസ് ബാരിക്കേഡുകൾ നിരോധിത മേഖലയുടെ പ്രതീതിയാണ് സൃഷ്ടിക്കുന്നത്. കലാകാരന്മാരുടെ ആവിഷ്‌കാര-അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാൻ അനുകൂലമായ നടപടിയുണ്ടാകണമെന്നും നിവേദനത്തിൽ പറയുന്നു