
പാറശാല: ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ വീടിന്റെ മതിലിടിച്ച് തകർത്തശേഷം വീട്ടിലേക്ക് പാഞ്ഞു കയറി. ഇഞ്ചിവിള ചാനൽ ക്രോസിന് സമീപം ഞായറാഴ്ച വെളുപ്പിന് 3ഓടെയാണ് അപകടം. തമിഴ്‌നാട്ടിലെ തിരുച്ചെന്തൂരിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിലേക്ക് യാത്രക്കാരുമായി വരികയായിരുന്ന മാരുതി സിഫ്റ്റ് കാറാണ് അപകടത്തിൽപെട്ടത്. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകട സ്ഥലത്തിന് സമീപത്തായി കാരാളി വളവിൽ ശനിയാഴ്ച വെളുപ്പിന് 4ന് തിരുവനന്തപുരത്ത് നിന്നും തൂത്തുക്കുടിയിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയും നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസും തമ്മിൽ കൂട്ടി ഇടിച്ച് ബസിലെ യാത്രക്കാർക്ക് നിസാരപരിക്കുകൾ പറ്റി. ദേശീയ പാതയിൽ ഇഞ്ചിവിളക്കും പാറശാലക്കും ഇടയിൽ അപകടം പതിവാണ്. കഴിഞ്ഞ ഒരാഴ്ച മുൻപാണ് ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചത്. അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾ കാരണം നിരവധി പേർക്ക് ജീവഹാനി ഉണ്ടായിട്ടുള്ള കാരാളിയിലെ അപകട വളവ് ഒഴുവാക്കുന്നതിനായി അധികൃതർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.