തിരുവനന്തപുരം: എല്ലാ മതവിഭാഗങ്ങളും തമ്മിൽ കരങ്ങൾ ചേർത്തു പിടിച്ച് മുന്നോട്ട് പോകേണ്ട ഘട്ടമാണിതെന്ന് മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് കർദിനൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. മലങ്കര മാർത്തോമാ സുറിയാനി സഭയിൽ നവ എപ്പിസ്‌കോപ്പമാരായി അഭിഷിക്തരായ സഖറിയാസ് മാർ അപ്രേം,ഡോ. ജോസഫ് മാർ ഇവാനിയോസ്, മാത്യസ് മാർ സെറാഫിം എന്നിവർക്ക് തിരുവനന്തപുരം,കൊല്ലം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ മുക്കോലയ്ക്കൽ സെന്റ് തോമസ് സ്‌കൂളിൽ സംഘടിപ്പിച്ച പൗരസ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലങ്കര മാർത്തോമാ സുറിയാനി സഭയുടെ തിരുവനന്തപുരം കൊല്ലം ഭദ്രാസന അദ്ധ്യക്ഷൻ ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അദ്ധ്യക്ഷനായിരുന്നു. ലത്തീൻ ആർച്ച് ബിഷപ് എമരറ്റസ് ഡോ.എം.സൂസപാക്യം, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസന അധിപൻ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപോലീത്ത, മാത്യൂസ് മോർ സിൽവാനിയോസ്, ഡോ.കെ.ജി.പോത്തൻ, ജോൺസൺ ഏബ്രഹാം, ഏബ്രഹാം സാമുവൽ, ഭദ്രാസന സെക്രട്ടറി ഷിബു ഒ. പ്ലാവില തുടങ്ങിയവർ പങ്കെടുത്തു.