ആറ്റിങ്ങൽ: കീഴാറ്റിങ്ങലിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചുപേർക്ക് കുത്തേറ്റ സംഭവത്തിൽ ഒരാൾ പിടിയിലായതായി സൂചന. കടയ്ക്കാവൂർ സ്വദേശിയാണ് പിടിയിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ആക്രമണത്തിൽ പരിക്കേറ്റ ഷിജുവിന്റെ (32) നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

ഷിജുവിന്റെ നെഞ്ചിലെ മുറിവിന് ആഴമുണ്ടെന്നും അത് ശ്വാസകോശത്തെ ബാധിച്ചെന്നുമാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. മൂന്നംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ വീടുകളിലെ സി.സി ടി.വി ക്യാമറകൾ പൊലീസ് പരിശോധിച്ച് അക്രമികൾ ഏതെന്ന് സ്ഥിരീകരിച്ചു. എന്നാൽ പ്രധാന പ്രതികൾ ഒളിവിലാണ്. പിടിയിലായ ആളിന് ആക്രമണത്തിൽ നേരിട്ട് പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്. ആക്രമണം എന്തിനാണെന്നും വ്യക്തമല്ല. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം അക്രണത്തിൽ പരിക്കേറ്റ രണ്ടുപേർ ആശുപത്രി വിട്ടു.