
വിതുര: ഡീസൽ അടിക്കാൻ യഥാസമയം പണം അനുവദിക്കാത്തതിനാൽ വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനിലെ ജീപ്പുകൾ കട്ടപ്പുറത്ത്. ഇതോടെ സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങളും താളം തെറ്റുന്നു.സ്റ്റേഷനിലുള്ള രണ്ട് ജീപ്പുകളും കട്ടപ്പുറത്ത് വിശ്രമിക്കാൻ തുടങ്ങിയിട്ട് ഒന്നരമാസമാകുന്നു. തൊട്ടടുത്ത വിതുര ജനമൈത്രി പൊലീസ് സ്റ്റേഷനിലെ അവസ്ഥയും സമാനമാണ്. പൊൻമുടിയിൽ നിലവിൽ ബൈക്കുകളിൽ എത്തിയാണ് പൊലീസ് അത്യാവശ്യകാര്യങ്ങൾ നോക്കുന്നത്.
ജീപ്പ് പുറത്തെടുക്കണമെങ്കിൽ സ്വന്തം പോക്കറ്റിൽ നിന്നു പണം ചെലവഴിക്കണം. പ്രശ്നം ചൂണ്ടിക്കാട്ടി മേലധികാരികൾക്ക് അനവധി തവണ പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിക്കുന്നില്ല. പൊലീസ് സ്റ്റേഷനുകളിലെ ജീപ്പുകളിൽ സമീപത്തുള്ള പെട്രോൾ പമ്പുകളിൽ നിന്നാണ് ഡീസൽ അടിക്കാറുള്ളത്. സർക്കാർ പണം നൽകുമ്പോൾ പമ്പ് ഉടമകൾക്ക് കൈമാറും. എന്നാൽ രണ്ട് മാസത്തോളമായി സർക്കാർ പണം നൽകുന്നില്ലെന്നാണ് പരാതി.
മിക്ക പമ്പുകൾക്കും പതിനായിരക്കണക്കിന് രൂപ ലഭിക്കാനുണ്ട്. പണം കിട്ടാതെ വന്നതോടെ പൊലീസ് ജീപ്പുകളെ പമ്പുകാർ മടക്കി അയക്കുകയാണ്. മാത്രമല്ല കിട്ടാനുള്ള പണത്തിനായി പമ്പുടമകൾ പൊലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങേണ്ട അവസ്ഥയിലുമാണ്.
പൊൻമുടിയിൽ തിരക്കേറി
വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊൻമുടിയിൽ സഞ്ചാരികളുടെ തിരക്കേറിവരികയാണ്.നിലവിൽ ശനി,ഞായർ ദിവസങ്ങളിൽ സഞ്ചാരികളുടെ പ്രവാഹമാണ്.കല്ലാർ മുതൽ പൊൻമുടിവരെ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. പൊൻമുടിക്ക് പുറമേ കല്ലാർ, മീൻമുട്ടി, പേപ്പാറ, ചാത്തൻകോട്, ചീറ്റിപ്പാറ എന്നീ ടൂറിസം മേഖലകളിലും സഞ്ചാരികളുടെ തിരക്കുണ്ട്. ജീപ്പിന്റെ അഭാവംമൂലം ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികൾക്ക് സുരക്ഷയൊരുക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിൽ. അപകടങ്ങളുണ്ടായാൽ ആശുപത്രിയിലും മറ്റുമെത്തിക്കാൻ പൊലീസ് ജീപ്പുമില്ല. ഹൈവേ പൊലീസിന്റെ പരിശോധനയും കടലാസിലായി. പൊലീസ് പരിശോധന നിലച്ചതോടെ പൊൻമുടിയിലും മറ്റുമെത്തുന്ന ഇരുചക്രവാഹനങ്ങളും മറ്റും ചീറിപ്പായുകയാണ്. അപകടങ്ങളും പതിവായി.