1

പദ്ധതി നിർത്തൽ സാമ്പത്തിക പ്രതിസന്ധി മൂലം

വിഴിഞ്ഞം: കോവളം വിനോദ സഞ്ചാര തീരത്തെയും വെള്ളായണി കായലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് നവീകരണ പദ്ധതിക്ക് തടവീഴുന്നു. പദ്ധതി ഏറ്റെടുത്ത കിഫ്ബി നിർമ്മാണ നടപടികൾ താത്കാലികമായി നിറുത്തി വച്ചു. റോഡിന്റെ രൂപകല്‌പനയുൾപ്പെടെയുള്ള കാര്യങ്ങളിൽ കാലതാമസം നേരിട്ടതിനാൽ നടപടികൾ തത്ക്കാലത്തേക്ക് നിർത്തുന്നു എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും സാമ്പത്തിക പ്രതിസന്ധിയാണ് പദ്ധതി നിറുത്താൻ പ്രേരിപ്പിച്ചതെന്നാണ് വിവരം. വെള്ളായണി കായലിനെയും കോവളത്തെയും ബന്ധിപ്പിക്കുന്ന റോഡിന്റെ രൂപരേഖയ്ക്ക് അനുമതി നൽകിയെന്ന വാർത്ത കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. കോവളത്ത് നിന്ന് ആഴാകുളം - മുട്ടയ്ക്കാട് - വെണ്ണിയൂർ വഴി വെള്ളായണി കായൽ റോഡു നവീകരണ പദ്ധതി നടപ്പാക്കുന്നത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള റോഡ് ഫണ്ട് ബോർഡ് കിഫ്ബിക്ക് കത്തു നൽകിയതായി അധികൃതർ പറയുന്നു.

രൂപരേഖയുടെ അംഗീകാരത്തെത്തുടർന്ന് ഭൂമി ഏറ്റെടുക്കലിനായി കല്ലുകൾ സ്ഥാപിച്ചു. തുടർന്ന് ഭൂമി ഏറ്റെടുത്തു നൽകാൻ റവന്യൂ വകുപ്പിന് കത്തു നൽകിയിരിക്കെയാണ് ഈ അനിശ്ചിതത്വം. രാജ്യാന്തര വിനോദ സഞ്ചാര കേന്ദ്രമായ കോവളത്തെയും വെള്ളായണി കായലിനെയും ബന്ധിപ്പിച്ചുള്ള ടൂറിസം വികസന പദ്ധതി എന്ന നിലയ്ക്കാണ് റോഡു നവീകരണം ആവിഷ്കരിച്ചത്. കോവളം ആഴാകുളത്തു നിന്ന് തുടങ്ങി മുട്ടയ്ക്കാട് - പനങ്ങോട് - വെണ്ണിയൂർ - നെല്ലിവിള - തെറ്റിവിള വഴി കായൽ റോഡിലേക്ക് എത്തുന്നതാണ് പാത നവീകരണം. നിലവിലെ റോഡ് വീതി കൂട്ടി മോടിയാക്കുന്നതായിരുന്നു പ്രധാനം. 13 മീറ്റർ വീതിയിലാണ് വികസനം പറഞ്ഞിരുന്നത്. ആദ്യം 12 മീറ്റർ എന്നു പറയുകയും പിന്നീട് ഒരു മീറ്റർ വർധിപ്പിച്ച് അലൈൻമെന്റിലെ ചില ഭാഗങ്ങളിൽ വ്യത്യാസവും വരുത്തി. ആദ്യഘട്ടത്തിൽ പൊതുമരാമത്ത് റോഡ് വിഭാഗമാണ് രൂപരേഖയടക്കം തയാറാക്കിയതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. 7 കിലോമീറ്ററോളമാണ് ദൂരം. കോവളത്ത് എത്തുന്ന സഞ്ചാരികളെ വെള്ളായണി കായൽ പ്രദേശത്തേക്ക് കൂടി ആകർഷിക്കാൻ ലക്ഷ്യമിടുന്നതായിരുന്നു പദ്ധതി. 35 കോടിയോളമായിരുന്നു പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുള്ളത്.

ദൂരം 7 കിലോമീറ്റർ

 വകയിരുത്തിയ തുക 35 കോടി

വികസനം പ്രതീഷിച്ച് നാട്ടുകാർ

റോഡ് നവീകരണത്തിന്റെ ഭാഗമായി പഴയ റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയാറാവുന്നില്ല. ഉടൻ നവീകരണം നടക്കുമെന്ന കാരണത്താലാണ് അറ്റകുറ്റപണികൾ നടത്താത്തത്. പദ്ധതി വൈകുന്തോറും ഇവിടുത്തെ യാത്ര ദുരിതത്തിലാവുകയാണെന്ന് നാട്ടുകാർ പറയുന്നു. അഴകുളം മുതൽ മുട്ടയ്ക്കാടു വരെ റോഡ് തകർന്ന അവസ്ഥയിലാണ്.