
ആറ്റിങ്ങൽ: താഴെ ഇളമ്പ ഇടശ്ശേരി - പ്ലാവിള റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തം. ടാർ ഇളകി മെറ്റൽ മാത്രമുള്ള റോഡിലൂടെ കാൽനടയാത്ര പോലും ദുസ്സഹമാണ്. റോഡ് നവീകരണം നടത്തിയിട്ട് പത്ത് വർഷം കഴിയുന്നതായി നാട്ടുകാർ. സഡക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 3.93 കോടി രൂപ ചെലവിട്ട് റോഡ് നവീകരിക്കുമെന്ന് പറയുമ്പോഴും ഇവിടെ റോഡിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ പോലും പൂർത്തിയായിട്ടില്ല. റേഡിന് വേണ്ടത്ര വീതി ഒരു ഭാഗത്തുമില്ല. റോഡിന്റെ ഉയർന്ന ഭാഗത്ത് എക്കൽ മണ്ണിട്ട് റോഡ് നികത്തിയതോടെ കാൽനടയാത്രയും ദുസ്സഹമായി. ചെളിയും മെറ്റലും ഇളകിയ റോഡിൽ ഓട്ടോറിക്ഷാ പോലും സവാരി വരാൻ തയ്യാറല്ല. മഴയത്തും വെയിലത്തും ഇരുചക്ര വാഹനങ്ങൾ തെന്നിവീഴുന്നത് പതിവാണിവിടെ. അയിലം ഗവ.സ്കൂൾ, മൂന്ന് ക്ഷേത്രങ്ങൾ എന്നിവ ഇൗ റോഡിലാണുള്ളത്.
പ്രധാന റോഡായ താഴെ ഇളമ്പ ഗുരുമന്ദിരത്തിന് മുന്നിൽ നിന്നാണീ റോഡ് തുടങ്ങുന്നത്. റോഡ് നവീകരണത്തിന് മറുവശത്തെ ട്രാൻസ്ഫോർമാർ ഇളക്കി മറ്റൊരിടത്ത് സ്ഥാപിക്കണം. അതിനും ബന്ധപ്പെട്ടവർ ഇനിയും നടപടി കൈക്കൊണ്ടിട്ടില്ല. പള്ളിയറ ക്ഷേത്രം ഇളമ്പ പാലം വഴി മൂലയിൽ തോട്ടം ഭാഗം വരെ നീളുന്ന പദ്ധതിയാണിത്.
കുടിവെള്ളവും മുടങ്ങി
ഇടയ്ക്ക് റോഡ് വക്കിലുണ്ടായിരുന്ന വലിയ പാറകൾ ഭാഗികമായി പൊട്ടിച്ചു ചെറിയ കഷണങ്ങളാക്കിയെങ്കിലും നീക്കം ചെയ്തിട്ടില്ല. പാറ പൊട്ടിക്കുന്നതിനിടെ വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈനും തകർന്നു. മാസങ്ങൾ കഴിഞ്ഞിട്ടും കുടിവെള്ള വിതരണം പുനരാരംഭിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന നിരവധി കുടുംബങ്ങളുടെ വെള്ളംകുടിയും മുട്ടി.
വാഹനങ്ങൾ വരാറില്ല
സ്കൂൾ വാഹനങ്ങൾ ഈ വഴി വന്നിട്ട് മാസങ്ങളായി. മഴ വന്നാൽ ചെളിയും, വേനൽ വന്നാൽ പൊടിയും ഈ റോഡിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. കിടപ്പ് രോഗികളായ നിരവധി പേർ ഈ പ്രദേശത്തുണ്ട്. ഇവർക്ക് മരുന്നുമായി വരുന്ന ഗ്രാമപഞ്ചായത്തിന്റെ പാലിയേറ്റീവ് കെയറിന്റെ വാഹനം പോലും ഇപ്പോൾ ഇതുവഴി വരാൻ മടിക്കുകയാണ്.